സര്‍ക്കാര്‍ നല്‍കിയത് 995 കോടി; കെഎസ്ആര്‍ടിസി വാങ്ങിയത് ഒരു ബസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 07:27 AM  |  

Last Updated: 03rd April 2019 07:27 AM  |   A+A-   |  

 

തിരുവനന്തപുരം: പുതിയ ബസുകള്‍ വാങ്ങാനും അടിസ്ഥാനസൗകര്യ വികസനത്തിനും നല്‍കിയ തുക പൂര്‍ണമായും ശമ്പളവും പെന്‍ഷനും നല്‍കാന്‍ വിനിയോഗിച്ച് കെഎസ്ആര്‍ടിസി. കഴിഞ്ഞ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ നല്‍കിയ 995 കോടി രൂപയില്‍ കെഎസ്ആര്‍ടിസി വാങ്ങിയത് ഒരു സിഎന്‍ജി ബസ് മാത്രം. 

നവീകരണത്തിനുള്ള സര്‍ക്കാര്‍സഹായവും അതത് മാസത്തെ ചെലവുകള്‍ക്കായി ഉപയോഗിച്ചു. 2018 ഓഗസ്റ്റ് മുതല്‍ 2019 ഫെബ്രുവരി വരെ പെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിച്ച 600.69 കോടി രൂപയും ഈ തുകയില്‍നിന്നാണ് എടുത്തത്.

ഭാഗിക ശമ്പളം, ഓണം അലവന്‍സ്, കെ.ടി.ഡി.എഫ്.സി പലിശ, ദേശീയ പെന്‍ഷന്‍ സ്‌കീം കുടിശ്ശിക, ക്ഷാമബത്ത എന്നിവയെല്ലാം സര്‍ക്കാര്‍ ചെലവിലാണ് നടത്തിയത്. 2018 ഏപ്രില്‍ മുതല്‍ ഇതുവരെ 394.31 കോടി രൂപ ശമ്പളം നല്‍കാന്‍ സര്‍ക്കാരില്‍നിന്ന് വാങ്ങി. ജനുവരിയില്‍ മാത്രമാണ് സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കിയത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡീസല്‍ ബസുകള്‍ക്ക് പകരമുള്ള പരീക്ഷണമാണ് ഒരു സിഎന്‍ജി ബസില്‍ ഒതുങ്ങിയത്. പത്ത് ഇലക്ട്രിക് ബസുകളും വാടകയ്‌ക്കെടുത്തവയാണ്. 1000 പുതിയ ബസുകളെങ്കിലും ഉടന്‍ നിരത്തിലിറക്കേണ്ട അവസ്ഥയാണ്. തീരുമാനമെടുത്താല്‍പോലും ഇവ ഓടാന്‍ ഒരുവര്‍ഷമെങ്കിലും കാത്തിരിക്കണം. ബസുകളുടെ ആയുസ്സ് 15ല്‍നിന്ന് 20 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, കാലപ്പഴക്കമേറിയ ബസുകള്‍ ഓടിക്കുന്നത് ഭാരിച്ച ചെലവാണ്. കൈവശമുള്ള ബസുകളുടെ ശരാശരി കാലപ്പഴക്കം എട്ടുവര്‍ഷത്തിന് മുകളിലാണ്.

കൂടുതല്‍ ബസുകള്‍ ഇറക്കിയാല്‍ വരുമാനം കൂട്ടാം. ജനുവരിയില്‍ ശരാശരി ദിവസവരുമാനം ഏഴുകോടിയും ഫെബ്രുവരിയില്‍ 6.6 കോടി രൂപയുമായിരുന്നു. ഇപ്പോഴത് 5.7 കോടി രൂപയിലേക്ക് എത്തി. ഒരുദിവസത്തെ ചെലവ് 6.3 കോടിരൂപയാണ്.