'എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത പുലി'; ജി സുധാകരനെതിരെ പരാതിയുമായി കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്തുവെന്നാണ് പരാതി
'എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത പുലി'; ജി സുധാകരനെതിരെ പരാതിയുമായി കോണ്‍ഗ്രസ്


ആലപ്പുഴ:കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്തുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തിലെ പൊതുയോഗത്തിനിടെയായിരുന്നു ജി സുധാകരന്റെ വിവാദ പ്രസംഗം. 'പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുകയാണ് പലരും. എന്നാല്‍ വടക്കേ ഇന്ത്യയില്‍ എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത പുലിയാണ് വരുന്നത്. അവിടെ ആര്‍എസ്എസ്സിനെ നേരിടാന്‍ വയ്യ. വടക്കേ ഇന്ത്യയില്‍ ബിജെപിയെ കാണുമ്പോള്‍ മുട്ടുവിറക്കുകയാണ്..' ഇതായിരുന്നു രാഹുലിനെതിരായ ജി സുധാകരന്റെ വാക്കുകള്‍. 

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രസംഗമായിരുന്നു ജി സുധാകരന്റേതെന്ന് പരാതിയില്‍ യുഡിഎഫ് ഉന്നയിക്കുന്നു. യുഡിഎഫിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും കെപിസിസി ട്രഷററുമായ അഡ്വ. ജോണ്‍സണ്‍ എബ്രഹമാണ് പരാതിക്കാരന്‍. എന്നാല്‍ താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com