സ്ഥാനാർത്ഥിയാകുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ​ഗോപി 

കേന്ദ്ര സര്‍ക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ഊന്നിയായിരിക്കും തന്റെ പ്രചാരണമെന്നും സുരേഷ് ​ഗോപി
സ്ഥാനാർത്ഥിയാകുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ​ഗോപി 

തിരുവനന്തപുരം: തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സുരേഷ് ഗോപി.  കേന്ദ്ര സര്‍ക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ഊന്നിയായിരിക്കും തന്റെ പ്രചാരണമെന്നും ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രചാരണമാക്കില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

ഇന്ന് പ്രഖ്യാപിച്ച എൻഡിഎയുടെ മൂന്നാം പട്ടികയിലാണ് തൃശ്ശൂർ സ്ഥാനാർത്ഥിയായി സുരേഷ് ​ഗോപിയുടെ പേര് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ബിജെപി ഒരു ലക്ഷത്തിലേറെ വോട്ടു പിടിച്ച  മണ്ഡലമാണ് തൃശൂര്‍. 

നേരത്തെ സഖ്യകക്ഷിയായ ബിഡിജെഎസിനു നല്‍കിയ സീറ്റ് ആണ് തൃശൂര്‍. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ഥിയാവണം എന്ന നിബന്ധനയിലാണ്, എ ക്ലാസ് മണ്ഡലം എന്നു ബിജെപി വിലയിരുത്തുന്ന സീറ്റ് സഖ്യകക്ഷിക്കു നല്‍കിയത്. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരത്തിന് എത്തിയതോടെ അവിടെ ശക്തനായ സ്ഥാനാര്‍ഥി വേണം എന്ന വിലയിരുത്തലിനെത്തുടര്‍ന്ന് തുഷാര്‍ വയനാട്ടിലേക്കു മാറി. തുടര്‍ന്നു തൃശൂര്‍ സീറ്റ് ബിജെപി തിരിച്ചെടുക്കുകയായിരുന്നു. 

സുരേഷ് ​ഗോപിക്ക് പുറമെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എംടി രമേശ് എന്നിവരേയും പാർട്ടി പരി​ഗണിച്ചിരുന്നു. നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കാണ് ഒടുവിൽ നറുക്ക് വീണത്. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം സുരേഷ് ഗോപിക്കു നിര്‍ദേശം നല്‍കിയതായും വാർത്തകൾ വന്നിരുന്നു.

നേരത്തെ തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയുടെ പേരു പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപി തന്നെ ഇക്കാര്യം നിഷേധിച്ചു രംഗത്തുവന്നു. പുതിയ സിനിമയ്ക്കു ഡേറ്റ് കൊടുത്തതായും മത്സര രംഗത്തുണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com