ഹിന്ദുക്കളില്‍ ഭീകരവാദികളില്ലെന്ന് മോദി; ആരാണ് ഗോഡ്‌സെ എന്ന് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

രാജ്യത്തെ ആയിരം വര്‍ഷത്തെ ചരിത്രത്തില്‍ ഹിന്ദുക്കള്‍ തീവ്രവാദത്തിലേര്‍പ്പെട്ട ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ
ഹിന്ദുക്കളില്‍ ഭീകരവാദികളില്ലെന്ന് മോദി; ആരാണ് ഗോഡ്‌സെ എന്ന് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

ഇന്ത്യയില്‍ ഹിന്ദു ഭീകരവാദികളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. ഹിന്ദുക്കള്‍ സമാധാനവും സ്‌നേഹവും കാംക്ഷിക്കുന്നവരാണ്. ഇവരെ ഭീകരവാദികളാക്കുന്ന കോണ്‍ഗ്രസ് സമീപനത്തിനെതിരെ മഹാരാഷ്ട്രയിലെ റാലിയില്‍ മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

ഹിന്ദു ഭീകരരെന്ന പരാമര്‍ശത്തിലൂടെ  കോണ്‍ഗ്രസ് രാജ്യത്തെ കോടികണക്കിന് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തിയെന്നും രാജ്യത്തെ ആയിരം വര്‍ഷത്തെ ചരിത്രത്തില്‍ ഹിന്ദുക്കള്‍ തീവ്രവാദത്തിലേര്‍പ്പെട്ട ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോയെന്നും മോദി പറഞ്ഞു.ഇതിന് പിന്നാലെ മോദിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മോദിക്ക് മറുപടിയുമായി ഹിന്ദുക്കള്‍ നടത്തിയ ഭീകരത ചൂണ്ടിക്കാണിച്ചാണ് പലരും രംഗത്തെത്തിയത്. ചിലരാകട്ടെ ഭീകരവാദത്തിന് പ്രത്യേക മതമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. എഐഎംഐഎം ലീഡര്‍ അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം ഏറെ ശ്രദ്ധേയമായി. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ആരാണ്. അയാള്‍ ഒരു തീവ്രവാദിയല്ലേ, മോദി മറുപടി പറയണം. നിങ്ങള്‍ ഇതിന് മറുപടി പറഞ്ഞാല്‍ കെണിയില്‍ വീഴുക നിങ്ങള്‍ തന്നെയാകുമെന്നും ഒവൈസി അഭിപ്രായപ്പെട്ടു. മോദി നിങ്ങള്‍ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ എന്നു പറഞ്ഞ് രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി കോണ്‍ഗ്രസ് നേതാക്കളും മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴും മോദി വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നു. ഹിന്ദുക്കളെ നേരിടാനുള്ള ഭയം മൂലം വയനാട്ടിലേക്ക് ഒളിച്ചോടുകയാണെന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com