എം കെ രാഘവനെതിരായ ആരോപണം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു, റിപ്പോർട്ട് തേടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 09:49 AM  |  

Last Updated: 04th April 2019 09:59 AM  |   A+A-   |  

 

കോഴിക്കോട് :  കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ  യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടുമാണ് ടിക്കാറാം മീണ  റിപ്പോര്‍ട്ട് തേടിയത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെയാണ് എം കെ രാഘവന്‍ തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ഒരു ഹിന്ദിചാനൽ പുറത്തുവിട്ടത്. 

നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍  ഭൂമി വാങ്ങാനെന്ന വ്യാജേനയാണ് ഹിന്ദി ചാനല്‍ പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്. ഇടപാടിന് മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്‍കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍  രാഘവന്‍  നിര്‍ദേശിച്ചുവെന്നുമാണ് ചാനലിന്റെ റിപ്പോർട്ടിൽ പറയുന്നത്.  എന്നാല്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി കെട്ടിചമച്ചതാണ് ദൃശ്യങ്ങളെന്ന് എം.കെ. രാഘവന്‍ ആരോപിച്ചു

എഡിറ്റ് ചെയ്തു കൂട്ടിചേര്‍ക്കലുകള്‍ നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്  രാഷ്ട്രീയ ഗൂഡാലോചനയാണ്. ഇതിന് പിന്നിൽ ഒരു മാഫിയാ സംഘമുണ്ട്. ആരോപണത്തിന് പിന്നിൽ സിപിഎമ്മിലെ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. ഇതിന്റെ തെളിവ് ഉടൻ പുറത്തുവിടുമെന്നും എം കെ രാഘവൻ പറഞ്ഞു.  സംഭവത്തിൽ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും രാഘവന്‍ പരാതി നല്‍കി. അതേസമയം സംഭവം  രാഷ്ട്രീയമായി  ഉപയോഗപെടുത്താന്‍ ഇടതുമുന്നണി നീക്കം തുടങ്ങി.