ടൈം മാഗസിന്റെ കവറില്‍ കണ്ണന്താനം..!!: ഫോട്ടോഷോപ്പ് ചിത്രം, സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 04th April 2019 05:16 AM  |  

Last Updated: 04th April 2019 05:16 AM  |   A+A-   |  

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. കണ്ണന്താനം സ്ഥാനാര്‍ത്ഥി ആയതില്‍ പിന്നെ ട്രോളന്‍മാര്‍ക്ക് ആഘോഷമാണ്. ഇദ്ദേഹം മണ്ഡലം മാറി വോട്ട് ചോദിച്ചതും കോടതിയില്‍ കയറി വോട്ട് ചോദിച്ചതുമെല്ലാം മികച്ച ട്രോളുകളായി മാറിയിരുന്നു.

ഇപ്പോള്‍ വ്യാജചിത്രം ഉപയോഗിച്ച് പ്രചരണം നടത്തിയാണ് സ്ഥാനാര്‍ത്ഥി വിവാദങ്ങളില്‍ ഇടം നേടുന്നത്.  ടൈം മാഗസിന്റെ 25 വര്‍ഷം പഴക്കമുള്ള ലക്കത്തിലെ കവറിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ ഏറ്റവും പുതിയ ചിത്രം ഫോട്ടോഷോപ്പിലൂടെ ഒട്ടിച്ചിരിക്കുന്നത്. 25 വര്‍ഷം പഴക്കമുള്ള മാഗസിനില്‍ എങ്ങനെയാണ് കണ്ണന്താനത്തിന്റെ പുതിയ ചിത്രം വന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. 

1994 ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ ചിത്രം ഫോട്ടോഷോപ്പിലൂടെ കണ്ണന്താനം ചേര്‍ത്തുവെച്ചത്. എന്നിട്ട് ഇത് തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ ഷെയര്‍ ചെയ്തിട്ടുമുണ്ട്. 

അതേസമയം 1994 ലെ പഴയ മാഗസിന്റെ കവര്‍ ചിത്രം ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതില്‍ കണ്ണന്താനത്തിന്റെ ചിത്രമില്ല. 25 വര്‍ഷം മുന്‍പുള്ള ടൈം മാഗസിന്റെ കവര്‍ പേജില്‍ എങ്ങനെയാണ് നരച്ച മുടിയുമായി കണ്ണന്താനം നില്‍ക്കുന്നതെന്ന് ചിത്രം കണ്ടവര്‍ക്ക് സംശയം തോന്നി. അതോടെയാണ് പിന്നാലെ ടൈം മാഗസിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഒറിജിനല്‍ കവര്‍ ചിത്രവുമായി ട്രോളന്‍മാര്‍ അടക്കം രംഗത്തെത്തി.