തുറന്ന വാഹനത്തിൽ ആവേശമുയര്‍ത്തി രാഹുല്‍ ; അണികളുടെ ഒഴുക്ക്, വന്‍ സ്വീകരണം ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 11:48 AM  |  

Last Updated: 04th April 2019 12:20 PM  |   A+A-   |  

 


കല്‍പ്പറ്റ : വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്. സഹോദരി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ രാഹുലിനൊപ്പം പത്രിക സമര്‍പ്പണ സമയത്ത് സന്നിഹിതരായിരുന്നു. അമേഠിക്ക് പുറമെ, രണ്ടാമത്തെ മണ്ഡലമായാണ് വയനാടിനെ രാഹുല്‍ഗാന്ധി തെരഞ്ഞെടുത്തത്. 

ഇന്നലെ രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തിയത്. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്. 

തുറന്ന ജീപ്പില്‍ രാഹുല്‍ഗാന്ധി എത്തുന്നതിനെ സുരക്ഷാ ചുമതലയുള്ള എസ് പി ജി എതിര്‍ത്തിരുന്നു. എന്നാല്‍ രാവിലെ മുതല്‍ കാത്തുനിൽക്കുന്ന അണികളെ നിരാശപ്പെടുത്തരുതെന്ന നേതാക്കളുടെ അഭ്യര്‍ത്ഥന ചെവിക്കൊണ്ട രാഹുല്‍ഗാന്ധി തുറന്ന ജീപ്പില്‍ കളക്ടറേറ്റിലേക്ക് പോകുകയായിരുന്നു. അതിനിടെ വാഹനത്തില്‍ നിന്നും ഇറങ്ങി ആളുകളുടെ അടുത്തെത്തി ഷേക്ക് ഹാന്‍ഡ് കൊടുത്ത് പ്രവര്‍ത്തകരെ ആവേശഭരിതരാക്കുകയും രാഹുല്‍ ചെയ്തിരുന്നു. രാഹുല്‍ ജനങ്ങളുടെ അടുത്തേക്ക് എത്തിയതോടെ സുരക്ഷ ഒരുക്കാന്‍ പൊലീസും ബുദ്ധിമുട്ടി.

 

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റ ടൗണില്‍ രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ രാവിലെ തന്നെ വയനാട്ടിലെത്തിയിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ എസ്പിജി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.