വേനൽ മഴ ചതിച്ചു; 61 ശതമാനം കുറവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 08:33 AM  |  

Last Updated: 04th April 2019 08:33 AM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴയിൽ 61 ശതമാനം കുറവുണ്ടായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കാറ്റിന്റെ ദിശ പ്രതികൂലമായതും ശക്തികുറഞ്ഞെത്തിയ എൽനിനോയുമാണ് സംസ്ഥാനത്തെ വറചട്ടിയാക്കി മാറ്റിയതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.  മാർച്ച് ഒന്നു മുതൽ ഏപ്രിൽ മൂന്നുവരെ  ശരാശരി 36.9 മില്ലിമീറ്റർ മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാൽ  14.5 മില്ലിമീറ്റർ മഴമാത്രമേ ഇതുവരെ ലഭിച്ചുള്ളൂ.

കാസർകോട് ജില്ലയിൽ വേനൽമഴ ഒരു ശതമാനം പോലും പെയ്തിട്ടില്ല. തിരുവനന്തപുരത്ത് വെറും ഒരു ശതമാനം മാത്രമാണ് മഴ പെയ്തത്. കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളൊഴികെ എല്ലായിടത്തും 50 ശതമാനത്തിലേറെ മഴ കുറഞ്ഞുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

വയനാട് ഒഴികെയുള്ള ജില്ലകളിൽ ചൂട് ശരാശരിയിലും മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ആലപ്പുഴ ജില്ലയിൽ നാല് ഡിഗ്രി സെൽഷ്യസ്‌വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനിടെ വേനൽമഴ അടുത്ത ആഴ്ചയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.