'15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തളളിത്തരുമെന്ന് കരുതിയോ, ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ'; വിവാദ പ്രസംഗവുമായി സുരേഷ് ഗോപി, വീഡിയോ വൈറല്‍  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th April 2019 08:54 AM  |  

Last Updated: 04th April 2019 08:54 AM  |   A+A-   |  

 

കൊച്ചി: തൃശൂരില്‍ എന്‍ഡിഎയുടെ ലോക്‌സഭ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പൊതുവേദിയിലെ പ്രസംഗം വിവാദമാകുന്നു. അധികാരത്തില്‍ വന്നാല്‍ എല്ലാ അക്കൗണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെ കുറിച്ച് സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. പത്തനംതിട്ട സ്ഥാനാര്‍്ത്ഥി കെ സുരേന്ദ്രന്‍ വേദിയിലിരിക്കെയാണ് സുരേഷ് ഗോപിയുടെ പ്രസംഗം.സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലാണ് സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശമുളളത്.

'പതിനഞ്ച് ലക്ഷം ഇപ്പോ വരും.  പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് മുഴുവന്‍ ആള്‍ക്കാരും എന്നും നീ അവകാശപ്പെടരുത്.  അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം.'  

'എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള.  അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത് എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ നടുവിലേക്ക് തണുത്തവെള്ളം ഒഴിച്ച് ചുരത്തി കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റ അര്‍ത്ഥം.' 

'ഇനി ഈ ഭാഷയിലെ സംസാരിക്കാന്‍ പറ്റൂ.ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ'എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.ഈ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ അങ്ങനെ ഊള എന്ന് പറയുന്ന ഒരു സമൂഹത്തില്‍ പ്പെടാതിരിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ ആ ചിന്ത വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.