അഭിഭാഷകര്‍ക്ക് ഇനി കറുത്ത ഗൗണ്‍ ഒഴിവാക്കാം; നടപടിയുമായി ഹൈക്കോടതി 

വിചാരണക്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാനാണ് അഭിഭാഷകര്‍ക്ക് കോടതി അനുവാദം നല്‍കിയിരിക്കുന്നത്
അഭിഭാഷകര്‍ക്ക് ഇനി കറുത്ത ഗൗണ്‍ ഒഴിവാക്കാം; നടപടിയുമായി ഹൈക്കോടതി 

കൊച്ചി: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകവേ, അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ ആശ്വാസനടപടി. കോടതിനടപടികള്‍ നടക്കുമ്പോള്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. വിചാരണക്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാനാണ് അഭിഭാഷകര്‍ക്ക് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് താപനില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. വയനാട് ഒഴികെയുളള മറ്റ് 13 ജില്ലകളില്‍ മൂന്ന് ഡിഗ്രിവരെ കൂടുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ പത്തുദിവസമായി സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരുകയാണ്. 

അതേസമയം തൊഴിലിടങ്ങളിലെ പരിശോധന കര്‍ശനമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കി. പകല്‍ 12 മണിമുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണി വരെ തുറന്നസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമവേള നല്‍കണമെന്നാണ് ആവര്‍ത്തിച്ചുളള നിര്‍ദേശം.

സംസ്ഥാനത്ത് വേനല്‍മഴയില്‍ 61 ശതമാനം കുറവുണ്ടായതായാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാറ്റിന്റെ ദിശ പ്രതികൂലമായതും ശക്തികുറഞ്ഞെത്തിയ എല്‍നിനോയുമാണ് സംസ്ഥാനത്തെ വറചട്ടിയാക്കി മാറ്റിയതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.  മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ മൂന്നുവരെ  ശരാശരി 36.9 മില്ലിമീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാല്‍  14.5 മില്ലിമീറ്റര്‍ മഴമാത്രമേ ഇതുവരെ ലഭിച്ചുള്ളൂ.

കാസര്‍കോട് ജില്ലയില്‍ വേനല്‍മഴ ഒരു ശതമാനം പോലും പെയ്തിട്ടില്ല. തിരുവനന്തപുരത്ത് വെറും ഒരു ശതമാനം മാത്രമാണ് മഴ പെയ്തത്. കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളൊഴികെ എല്ലായിടത്തും 50 ശതമാനത്തിലേറെ മഴ കുറഞ്ഞുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com