തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള റിപ്പോര്‍ട്ട്; അമിക്കസ് ക്യൂറിയെ തള്ളി മുഖ്യമന്ത്രി 

സംസ്ഥാനം നേരിട്ട ദുരന്തത്തെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ഉദ്ദേശത്തോടെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് - യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. കോടതിയെ അപമാനിക്കുന്നതിന് തുല്യം
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള റിപ്പോര്‍ട്ട്; അമിക്കസ് ക്യൂറിയെ തള്ളി മുഖ്യമന്ത്രി 


കൊല്ലം: പ്രളയത്തിന് കാരണം ഡാംമാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം നേരിട്ട ദുരന്തത്തെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ഉദ്ദേശത്തോടെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോക്‌സഭാ  തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രളയവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങള്‍ ചിലര്‍ നേരത്തെ ഉന്നയിച്ചതാണ്. അപ്പോഴെക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയതുമാണ്. കോടതി സ്വീകരിച്ച അഭിഭാഷക സഹായം മാത്രമാണ് അമിക്കസ്‌ക്യൂറി. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ ഉള്ള അവകാശങ്ങള്‍ കോടതിയില്‍ നിക്ഷിപ്തമാണ്. ഇത് കോടതിയുടെ നീരിക്ഷണമോ കമന്റോ അല്ല. വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടിയല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പിണറായി പറഞ്ഞു. 

സാങ്കേതികജ്ഞാനമുള്ള കേന്ദ്രജലകമ്മീഷന്‍, മദ്രാസ് ഐഐടി തുടങ്ങിയ ശാസ്ത്രീയ സംവിധാനങ്ങള്‍ മഴയുടെ അമിത വര്‍ദ്ധനവാണ് പ്രളയത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്തിനെ എല്ലാവരും അഭിനന്ദിച്ചതാണ്. ഇത് ലോകത്തിനാകെ അറിയാവുന്നതാണ്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. ഇത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതില്‍ അന്തിമവിധി പ്രഖ്യാപിക്കേണ്ടത് കോടതിയാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇവര്‍ മറച്ച് വെക്കുന്നതെന്നും പിണറായി പറഞ്ഞു.

സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും മഴയുടെ തീവ്രത അറിയിച്ചിട്ടുണ്ട്. ഡാമുകള്‍ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണ്. പ്രളയനിയന്ത്രണത്തിന് ഡാമുകള്‍ പൂര്‍ണസജ്ജമായിരുന്നു. മുന്നറിയിപ്പുകള്‍ ഇല്ലാതെ ഡാമുകള്‍ തുറന്നെന്ന പ്രചാരണത്തില്‍ വസ്തുതയില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പായി കൃത്യമായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. മുന്നറിയിപ്പുകള്‍ മാധ്യമങ്ങള്‍ അതാത് സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് സര്‍ക്കാര്‍ നടപടികള്‍ മാധ്യമങ്ങള്‍ പ്രശംസിച്ചിരുന്നതായും പിണറായി പറഞ്ഞു. 


പ്രളയത്തെ ഒറ്റക്കെട്ടായാണ് നാം നേരിട്ടത്.ഭാവിയില്‍ ഒരു പ്രളയമുണ്ടായാല്‍ അതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കേരളപുനര്‍നിര്‍മ്മാണ പരിപാടികള്‍ വിഭാവനം ചെയ്തത്. സാലറിചാലഞ്ച് പോലുളള പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ അത് തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഈ പ്രചാരണം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് നാടിനോടുള്ള താത്പര്യമല്ല. മറിച്ച് തെരഞ്ഞടുപ്പ് വേളയില്‍ രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമമമാണെന്ന് ജനം തിരിച്ചറിയും. ഈ ദുരന്തത്തെ അതിജീവിക്കുന്നതിന് കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ഇതിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com