നഗ്നയാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: പ്രതികള്‍ പിടിയില്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 04th April 2019 11:37 PM  |  

Last Updated: 04th April 2019 11:37 PM  |   A+A-   |  

 

ആലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ആലപ്പുഴ മുനിസിപ്പാലിറ്റി മധ്യത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു സ്ത്രീകള്‍ അടക്കം മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 

പുന്നപ്ര പണിക്കന്‍വെളി വീട്ടില്‍ അജ്മല്‍ (28), ആലപ്പുഴ പവര്‍ഹൗസ് തൈപ്പറമ്പില്‍ വീട്ടില്‍ മൂംതാസ് (46), ലൈംഗിക തൊഴിലാളി നേതാവ് സീനത്ത് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  

മാര്‍ച്ച് 12 നാണ് മരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നയായ നിലയിലായിരുന്നു കാണപ്പെട്ടത്. അജ്മലും മുംതാസും ചേര്‍ന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികള്‍ സ്ഥലം വിട്ടത്. 

ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേര്‍ന്ന വീട്ടില്‍ 52 കാരിയായ മേരി തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഗള്‍ഫില്‍ നിന്നു ദിവസവും പല തവണ ഫോണില്‍ വിളിക്കാറുള്ള മകന്‍ കിരണ്‍ മാര്‍ച്ച് 11ന് ഉച്ച കഴിഞ്ഞ് വിളിച്ചിട്ടും മേരിയെ കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. 

മൃതദേഹം കിടന്ന സാഹചര്യം, പ്രദേശത്തെ പ്രത്യേകതകള്‍ എന്നിവ കണക്കിലെടുത്താണ് കൊലപാതക സാധ്യതകള്‍ പൊലീസ് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയൊന്നും തോന്നിയില്ലെങ്കിലും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതക സൂചനകള്‍ ലഭിക്കുന്നത്. മരണമടഞ്ഞ സ്ത്രീയുടെ വീട്ടില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മേരിയുടെ ആഭരണങ്ങള്‍ സീനത്ത് മുഖാന്തരം മുല്ലക്കലിലെ ജ്വല്ലറിയില്‍ പ്രതികള്‍ വില്‍ക്കുകയും ചെയ്തു. പ്രതിഫലമായി ഒരു മോതിരവും പണവും അജ്മലും മുംതാസും ചേര്‍ന്ന് നല്‍കി. മേരിയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട പണവും ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.