പ്രേമചന്ദ്രന്‍ പരനാറി തന്നെ; നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി വിജയന്‍

ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്
പ്രേമചന്ദ്രന്‍ പരനാറി തന്നെ; നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി വിജയന്‍

കൊല്ലം: എന്‍കെ പ്രേമചന്ദ്രന്‍ എംപിയ്‌ക്കെതിരായ പരനാറി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?'  പിണറായി വിജയന്‍ കൊല്ലത്ത് ചോദിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എംഎ ബേബിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്തുവന്ന പിണറായി, മൂന്ന് യോഗങ്ങളില്‍ 'പരനാറി' പ്രയോഗം നടത്തിയിരുന്നു. പിണറായിയുടെ പരാമര്‍ശം വലിയ വിവാദത്തിന് ഇടവെച്ചിരുന്നു. തെരഞ്ഞടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം പിണറായിയുടെ പരനാറി പ്രയോഗമാണെന്ന് അന്ന്‌ സിപിഐ കുറ്റപ്പെടുത്തിയിരുന്നു. 

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന്‍ യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി പരനാറി പ്രയോഗം നടത്തിയത്. സോളാര്‍ അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരത്തില്‍ ഒരുമിച്ച് കിടന്ന പ്രേമചന്ദ്രന്‍ നേരം വെളുത്തപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ പോയെന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ പരിഹാസം. വീണ്ടും ഒരു തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പിണറായിയുടെ പ്രസ്താവന ഗുണകരമായേക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കൊല്ലത്തെ സിറ്റിംഗ് എംപിയായ എൻ കെ പ്രേമചന്ദ്രനെതിരെ കെഎൻ ബാലഗോപാലാണ് ഇത്തവണത്തെ സിപിഎം സ്ഥാനാർത്ഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com