'ഭാരതത്തിന്റെ ധീരനാം പുത്രന്നു കേരളമുറ്റ പോറ്റമ്മയാവണം'; രാഹുലിനെ പുകഴ്ത്തി ലീലാവതി ടീച്ചറിന്റെ കവിത 

വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സാഹിത്യകാരി എം ലീലാവതിയുടെ കവിത
'ഭാരതത്തിന്റെ ധീരനാം പുത്രന്നു കേരളമുറ്റ പോറ്റമ്മയാവണം'; രാഹുലിനെ പുകഴ്ത്തി ലീലാവതി ടീച്ചറിന്റെ കവിത 

കൊച്ചി: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സാഹിത്യകാരി എം ലീലാവതിയുടെ കവിത.
രാഹുലിന് സ്വാഗതമോതിയും അദ്ദേഹം വിജയിച്ച് അധികാരത്തില്‍ എത്തേണ്ടതിന്റെ വര്‍ത്തമാനകാല ആവശ്യം വ്യക്തമാക്കിയുമാണ് ലീലാവതി ടീച്ചര്‍ കവിത തയാറാക്കിയത്. ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കാന്‍ രാഹുലിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് കവിത അവസാനിപ്പിക്കുന്നത്.

കവിത:

ഭാരതത്തിന്റെ ധീരനാം പുത്രന്നു 
കേരളമുറ്റ പോറ്റമ്മയാവണം.
പെറ്റമ്മയ്‌ക്കെഴും സ്‌നേഹവാത്സല്യങ്ങള്‍ 
പോറ്റമ്മയ്ക്കുമുണ്ടെന്നു തെളിയണം.
രാഹുല്‍ ഗാന്ധിക്കു പച്ചക്കൊടികളായ് ബാഹുവൃന്ദങ്ങള്‍ നീട്ടും വയനാട്ടില്‍
മാമരങ്ങളെപ്പോലെ മനുഷ്യരും 
മാമകമെന്നു സ്വാഗതമോതണം.
ആര്‍ജവത്തിലുമാത്മാര്‍ഥതയിലും
ഊര്‍ജിത യത്‌ന ശക്തിത്തികവിലും
നൈര്‍മല്യത്തിലും വിശ്വസ്തതയിലും
നിര്‍മ്മമ കര്‍മ സന്നദ്ധതയിലും
ഏതുമൊന്നുമില്ലാത്ത ജനത്തൊടു
ള്ളാതുര സ്‌നേഹ കാരുണ്യ വായ്പിലും
മാതൃകയായ രാഹുലിന്‍ കൈകള്‍ക്കു
നേതൃത്വത്തികവുണ്ടെന്നറിയണം.
ഓരോ വോട്ടും കൈപ്പത്തിയില്‍ച്ചേരണം
നേരോടേ പിന്നില്‍ നിന്നു തുണയ്ക്കണം
പൊന്‍മകന്നു ജയ ജയ പാടുന്നൊ
രമ്മയായ് വയനാടു വിളങ്ങണം
ജാതിഭേദ, മതഭേദമില്ലാതെ 
നീതി തുല്യ മെല്ലാര്‍ക്കും ലഭിക്കുവാന്‍
രാഹുലിന്‍ ബാഹുവീര്യത്തിനും കര്‍മ
ബാഹുല്യത്തിനും വന്‍ ജയമേകണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com