രാഹുല്‍ തുറന്ന ജീപ്പിലെത്തുമോ ?; എസ്പിജിക്ക് എതിര്‍പ്പ്, റോഡ്‌ഷോയില്‍ അനിശ്ചിതത്വം

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ വയനാട്ടിലെത്തി
രാഹുല്‍ തുറന്ന ജീപ്പിലെത്തുമോ ?; എസ്പിജിക്ക് എതിര്‍പ്പ്, റോഡ്‌ഷോയില്‍ അനിശ്ചിതത്വം


കല്‍പ്പറ്റ : വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അല്‍പ്പസമയത്തിനകം വയനാട്ടിലെത്തിച്ചേരും. രാവിലെ 11 മണിക്ക് കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. പത്രിക സമര്‍പ്പിച്ച ശേഷം രാഹുലും പ്രിയങ്കയും ഏതാനും ദൂരം റോഡ് ഷോ നടത്തുമെന്നാണ് സൂചന. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാഹുലും പ്രിയങ്കയും ഇന്നലെ രാത്രി കോഴിക്കോട് എത്തിയിരുന്നു. 

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ വയനാട്ടിലെത്തിയിട്ടുണ്ട്. അതേസമയം മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ എസ്പിജി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഡിസിസി ഓഫീസില്‍ ചേരാനിരുന്ന യോഗം സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി റദ്ദാക്കി. ഓഫീസിലേക്കുള്ള റോഡിന് വീതിയില്ലാത്തതിനാല്‍ സുരക്ഷ ഒരുക്കാനാകില്ലെന്നാണ് എസ്പിജി അറിയിച്ചത്.

പത്രിക സമര്‍പ്പണത്തിന് ശേഷം തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തുന്നതിനെയും എസ്പിജി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കാത്തുനില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തരുതെന്ന് നേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇക്കാര്യം രാഹുല്‍ എസ്പിജി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

അതിനിടെ പത്രിക സമര്‍പ്പിക്കാനെത്തുന്ന രാഹുലിനെയും പ്രിയങ്കയെയും കാണാനായി നിരവധി കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരാണ് എത്തിയിട്ടുള്ളത്. മറ്റു ജില്ലകളില്‍ നിന്നു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം സുരക്ഷ മുന്‍നിര്‍ത്തി താമരശ്ശേരി ചുരം വഴി വൈകീട്ട് ആറുവരെ ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com