വീട്ടില്‍ ആന കയറുമ്പോഴാണോ രാഹുല്‍? ഈ ബഹളങ്ങളുടെയൊന്നും പിന്നാലെ പോവാനില്ല; വേവലാതികള്‍ ഒഴിയാതെ മണ്ണിന്റെ മക്കള്‍

വീട്ടില്‍ ആന കയറുമ്പോഴാണോ രാഹുല്‍? ഈ ബഹളങ്ങളുടെയൊന്നും പിന്നാലെ പോവാനില്ല; വേവലാതികള്‍ ഒഴിയാതെ മണ്ണിന്റെ മക്കള്‍
സുല്‍ത്താന്‍ ബത്തേരിയിലെ ആദിവാസി കോളനികളില്‍നിന്ന് (ഫയല്‍)
സുല്‍ത്താന്‍ ബത്തേരിയിലെ ആദിവാസി കോളനികളില്‍നിന്ന് (ഫയല്‍)

''വീട്ടിനുള്ളില്‍ ആന കയറുമ്പോഴാണോ തെരഞ്ഞെടുപ്പ്? അതിന്റെ പിന്നാലെ പോയിട്ടൊന്നും ഒരു കാര്യവുമില്ല, ഞങ്ങള്‍ ഇക്കുറി വോട്ടു ചെയ്യാന്‍ പോവുന്നുമില്ല'' - രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പോവുന്നുണ്ടോയെന്ന ചോദ്യത്തിന് വയനാട്ടിലെ ഒരു ആദിവാസി വനിത വാര്‍ത്താ ഏജന്‍സി ലേഖകനോടു പ്രതികരിച്ചത് ഇങ്ങനെ.

കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനാര്‍ഥ്വത്തിലൂടെ വയനാട് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുമ്പോഴും ദേശീയ മാധ്യമങ്ങള്‍ ചുരം കയറുമ്പോഴും ആദിവാസികള്‍ക്ക് ഇതിലൊന്നും വലിയ താല്‍പ്പര്യമില്ല. അവരുടെ മുന്നില്‍ അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളുണ്ട്, വീട്ടിനുള്ളില്‍ ആന കയറുന്നതുപോലെയുള്ളവ.

''ഞങ്ങള്‍ക്കു കിടക്കാന്‍ ഇടമില്ല, റോഡില്ല, കുടിക്കാന്‍ വെള്ളമില്ല.'' മറ്റൊരു ആദിവാസിയുടെ പ്രതികരണം ഇങ്ങനെ. ഈ വന്നുപോവുന്നവരിലൊന്നും ഒരു പ്രതീക്ഷയുമില്ലെന്നും തെരഞ്ഞെടുപ്പുകാലത്തെത്തുന്ന രാഷ്ട്രീയക്കാരെ ചൂണ്ടി അവര്‍ പറയുന്നു.

ഫയല്‍

പതിനെട്ടു ശതമാനമാണ് വയനാട്ടിലെ ജനസംഖ്യയില്‍ ആദിവാസികള്‍. രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ അവര്‍ക്കായി സംവരണം ചെയ്തതുമാണ്, സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും. പണിയര്‍, കുറുമര്‍, അടിയാര്‍, കുറിച്യര്‍, കാട്ടുനായ്ക്കര്‍ എന്നീ ആദിവാസി വിഭാഗങ്ങളാണ് ഇവിടെ പ്രധാനമായും ഉള്ളത്. 

''വയനാട് അവരുടെ മണ്ണാണ്. എങ്കിലും ഭൂമിയുടെ ഉടമാവകാശത്തെക്കുറിച്ചൊന്നും വേവലാതിയുള്ളവരല്ല അവര്‍. ഒരിക്കലും അങ്ങനെ ആയിരുന്നുമില്ല. പക്ഷേ ഇപ്പോള്‍ അവര്‍ സ്വന്തം മണ്ണില്‍ ്അന്യരായിക്കൊണ്ടിരിക്കുകയാണ്'' -ആദിവാസി പ്രവര്‍ത്തകനായ ഡോ. ജിതേന്ദ്രനാഥ് പറയുന്നു.

ആദിവാസികളുടെ ക്ഷേമമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യം അവരെ മനസിലാക്കണം. അവരുടെ ഭാഷയും ജീവിത രീതികളും മനസിലാക്കണം. മാസവും പഴങ്ങളുമാണ് അവരുടെ സ്വാഭാവിക ആഹാരം. എന്നാല്‍ സര്‍ക്കാര്‍ അവര്‍ക്കു കൊടുക്കുന്നത് പാല്‍പ്പൊടിയും അരിയുമാണ്. ഇതു തിന്നാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അതെല്ലാവര്‍ക്കും പറ്റണമെന്നില്ല. അതുകൊണ്ടുതന്നെയാണ് പോഷകാഹാരക്കുറവ് അവരെ വിട്ടുപോവാത്തത്- ഡോ. ജിതേന്ദ്രനാഥ് ചൂണ്ടിക്കാട്ടുന്നു.

ഫയല്‍

വയനാട്ടിലെത്തുന്ന രാഷ്ട്രീയക്കാര്‍ ആദ്യം പഠിക്കേണ്ടത് ആദിവാസികളുടെ ഭാഷാഭേദങ്ങളാണ്. ഇങ്ങനെയേ അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാവൂ. അവരെ വെറുതെ വോട്ടുബാങ്കുകളായി കാണരുത്-അദ്ദേഹം പറയുന്നു.

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ താരപരിവേഷമുള്ള മണ്ഡലങ്ങളുടെ പട്ടികയിലേക്കു കടന്നുകയറിയിരിക്കുകയാണ് വയനാട്. താരമണ്ഡലത്തിലേക്ക് ദേശീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം എത്തുമ്പോഴും വീട്ടില്‍ ആന കയറുന്നതിന്റെ വേവലാതിയിലാണ് ഇവിടത്തെ മണ്ണിന്റെ മക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com