ആലത്തൂരില്‍ നിയോഗിച്ചത് ശക്തയായ സ്ഥാനാര്‍ഥി എന്നു പാര്‍ട്ടി വിലയിരുത്തിയതിനാല്‍: രമ്യാ ഹരിദാസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2019 03:02 PM  |  

Last Updated: 05th April 2019 03:02 PM  |   A+A-   |  

remya

 

തൃശൂര്‍: ആലത്തൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിവുള്ള ശക്തയായ സ്ഥാനാര്‍ഥി എന്നു കോണ്‍ഗ്രസ് വിലയിരുത്തിയതുകൊണ്ടാവണം തന്നെ അവിടെ സ്ഥാനാര്‍ഥിയാക്കിയതെന്ന് രമ്യാ ഹരിദാസ്. ആലത്തൂര്‍ യുഡിഎഫ് ജയിക്കാന്‍ പോവുന്ന മണ്ഡലമാണെന്നും രമ്യ പറഞ്ഞു.

സിപിഎമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന ആലത്തൂരില്‍ വനിതയെ സ്ഥാനാര്‍ഥിയാക്കിയത്, വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ വനിതകള്‍ക്കു നല്‍കുന്ന സമീപനത്തിന്റെ ഭാഗമല്ലേയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു രമ്യാ ഹരിദാസ്. ആലത്തൂര്‍ യുഡിഎഫ് ജയിക്കാന്‍ പോവുന്ന മണ്ഡലമാണ്. ഈ മണ്ഡലം പിടിച്ചെടുക്കുന്നതിനു ശക്തയായ സ്ഥാനാര്‍ഥി എന്നു പാര്‍ട്ടി വിലയിരുത്തിയതുകൊണ്ടാവണം തന്നെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയത് എന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് എത്തിയതോടെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പദവികള്‍ ലഭിക്കുന്നുണ്ടെന്നും അതിനിയും കൂടുമെന്നാണ് കരുതന്നതെന്നും രമ്യ പറഞ്ഞു.

സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്തു വരണമെന്നാണ് ആഗ്രഹം. അതിനുള്ള സാഹചര്യമുണ്ടാവണം. തനിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോവുമെന്നാണ് കരുതുന്നത്. വിജയരാഘവന്റെ പരാമര്‍ശം കരുതിക്കൂട്ടിയുള്ളതെന്നാണ് കരുതുന്നതെന്ന് രമ്യ പറഞ്ഞു.