ചൂട് ഇന്നും കനക്കും; 13 ജില്ലകളിലും മൂന്ന് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2019 07:14 AM  |  

Last Updated: 05th April 2019 07:14 AM  |   A+A-   |  

chood

 

തിരുവനന്തപുരം; സംസ്ഥാനത്തെ 13 ജില്ലകളിലേയും ചൂട് ഇന്ന് ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ചൂട് കൂടും. വേനല്‍ കനത്തതോടെ സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. 

വ്യാഴാഴ്ച 70 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതവും 38 പേര്‍ക്ക് സൂര്യാതപവും 30 പേര്‍ക്ക് ചൂടേറ്റ് ശരീരത്തില്‍ പാടുകളും രൂപപ്പെട്ടു. എറണാകുളത്താണ് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയിലാണ് കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത് 14. എറണാകുളത്ത് ഏഴും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, തിരുവന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ക്കും പൊള്ളലേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

അതേസമയം തമിഴ്‌നാട് തീരത്തുനിന്ന് തെക്ക് ദിശയില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.