പച്ച കണ്ടു വിറളി പിടിച്ചിട്ടു കാര്യമില്ല; രാഹുല്‍ വരുന്നതു കൊടുങ്കാറ്റുപോലെ, തടുക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2019 12:25 PM  |  

Last Updated: 05th April 2019 12:26 PM  |   A+A-   |  

kunhali

ഫയല്‍ ചിത്രം

 

മലപ്പുറം: മതേതര പാര്‍ട്ടികള്‍ക്കെതിരെ പച്ചക്കൊടി ദേശീയതലത്തില്‍ പ്രചാരണായുധമാക്കാനുള്ള ബിജെപിയുടെ നീക്കം ഏശാന്‍ പോവുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അറിവില്ലായമ കൊണ്ടാണ് യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് ആണെന്ന യോഗിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മുസ്ലിം ലീഗ് മതേതര സഖ്യത്തോടൊപ്പം ഏറെനാളായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. കേരളത്തില്‍ യുഡിഎഫിലും കേന്ദ്രത്തില്‍ യുപിഎയിലും കുറെക്കാലമായി ലീഗ് പ്രവര്‍ത്തിക്കുന്നു. ഇതു ജനങ്ങള്‍ക്കറിയാം. കേരളത്തെക്കുറിച്ചോ അതിന്റെ മതേതര സ്വഭാവത്തെക്കുറിച്ചോ ഒന്നും അറിയാതെയാണ് യോഗിയുടെ പരാമര്‍ശം- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പച്ച കണ്ട് ബിജെപി വിറളി പിടിച്ചിട്ടു കാര്യമില്ല. പച്ചയെ പ്രചാരണ ആയുധമാക്കാനുള്ള നീക്കം ഏശാനും പോവുന്നില്ല. അവരുടെ കൂട്ടത്തില്‍ തന്നെ എത്ര പച്ചക്കൊടികളുണ്ട്. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം ഒരു ലീഗുണ്ട്, അവര്‍ക്കും പച്ചക്കൊടിയാണ്. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ ഒപ്പവും ഒരു ലീഗുണ്ട്, അവര്‍ക്കും പച്ചക്കൊടിയാണ്. ബിജെപി ആ സഖ്യത്തിന്റെ ഭാഗമാണ്. ബിഹാറില്‍ അവരുടെ മുഖ്യ സഖ്യകക്ഷിക്കു പച്ചക്കൊടിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത്തരം ബാലിശമായ പ്രചാരണങ്ങള്‍ കൊണ്ടൊന്നും ബിജെപിക്കു ജയിക്കാനാവില്ല. രാഹുല്‍ ഗാന്ധി കൊടുങ്കാറ്റുപോലെയാണ് വരുന്നത്. അദ്ദേഹത്തിന്റെ റാലികളിലെ ജനപങ്കാളിത്തം നോക്കിയാല്‍ അറിയാം. അതു തടുക്കാന്‍ ബിജെപിക്കാവില്ല. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനു പകരം ബാലിശമായ കാര്യങ്ങളിലേക്കു പ്രചാരണം ചുരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തില്‍ ഈ പച്ചപ്രചാരണം ഏറ്റെടുക്കുന്ന സിപിഎമ്മുകാര്‍ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.