പ്രളയം : അമിക്കസ് ക്യൂറി യുപിഎയുടെ ആള്‍, രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി എം എം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2019 05:27 PM  |  

Last Updated: 05th April 2019 05:27 PM  |   A+A-   |  

mani

 

കുമളി : പ്രളയ വിഷയത്തില്‍ അമിക്കസ് ക്യൂറിക്കെതിരെ വൈദ്യുതമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു. മുന്‍ യുപിഎ സര്‍ക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നും മണി ആരോപിച്ചു.

മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ ദുരിതത്തില്‍ മുക്കിയ മഹാപ്രളയത്തിനു കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്നും ഡാംമാനേജ്‌മെന്റില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിക്കസ് ക്യൂറി റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.