അത് ഡല്‍ഹി ധാരണയുടെ ഭാഗമോ ?; രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്ക് പിന്നിലെ രഹസ്യ അജണ്ട വ്യക്തമാക്കണമെന്ന് എം ടി രമേശ്

ജനാധിപത്യത്തെ പരിഹസിക്കുന്ന, തെരഞ്ഞെടുപ്പ് സംവിധാനത്തെ കളിയാക്കുന്ന ഈ സൗഹൃദമല്‍സരം അവസാനിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാകണം
അത് ഡല്‍ഹി ധാരണയുടെ ഭാഗമോ ?; രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്ക് പിന്നിലെ രഹസ്യ അജണ്ട വ്യക്തമാക്കണമെന്ന് എം ടി രമേശ്


തിരുവനന്തപുരം : വയനാട്ടില്‍ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്ക് പിന്നിലെ രഹസ്യ അജണ്ട സിപിഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കണമെന്ന് ബിജെപി. അത് ഡല്‍ഹിയിലുള്ള ധാരണയുടെ ഭാഗമാണെന്ന് ബിജെപി വിശ്വസിക്കുന്നതായും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. കോണ്‍ഗ്രസ്-സിപിഎം പരസ്പര ധാരണയാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. 

രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയോടെ കേരളത്തില്‍ സിപിഎം-കോണ്‍ഗ്രസ് മല്‍സരത്തിന്റെ സാംഗത്യം ഇല്ലാതായിരിക്കുകയാണ്. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്‍സരിക്കുന്ന മണ്ഡലത്തില്‍ എതിരാളിയെക്കുറിച്ച് ഒന്നും മിണ്ടാന്‍ അദ്ദേഹം തയ്യാറല്ലെങ്കില്‍ രാഹുല്‍ പറയാതെ പറയുന്നത് കേരളത്തിലും യുഡിഎഫിന്റെ പ്രധാനപ്പെട്ട എതിരാളി എന്‍ഡിഎ ആണെന്നാണ്. 

വയനാട്ടില്‍ അദ്ദേഹം മല്‍സരിക്കുന്നത് എന്‍ഡിഎയോടാണ്, കേരളത്തില്‍ യുഡിഎഫ് മല്‍സരിക്കുന്നത് എന്‍ഡിഎയോടാണ് എന്ന് പറയാതെ സമ്മതിക്കുകയാണ് രാഹുല്‍ ചെയ്തത്. അതുകൊണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന, ജനാധിപത്യത്തെ പരിഹസിക്കുന്ന, തെരഞ്ഞെടുപ്പ് സംവിധാനത്തെ കളിയാക്കുന്ന ഈ സൗഹൃദമല്‍സരം അവസാനിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാകണം. രാഹുല്‍ഗാന്ധിയുടെ മാതൃക ബാക്കി എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും പിന്തുടരാന്‍ തയ്യാറാകണമെന്നും ബിജെപി നേതാവ് എംടി രമേശ് ആവശ്യപ്പെട്ടു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com