ക്രൂരമര്‍ദ്ദനം; പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും; അരുണിനെതിരെ യുവതി പ്രത്യേക പരാതി നല്‍കും; കുട്ടിയുടെ നില ഗുരുതരം

അരുണ്‍ ആനന്ദ് മാനസികവും ശാരീരികവുമായ പീഡിപ്പിച്ചെന്ന് കാണിച്ച് കുട്ടിയുടെ അമ്മ പ്രത്യേക പരാതി നല്‍കിയേക്കും
ക്രൂരമര്‍ദ്ദനം; പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും; അരുണിനെതിരെ യുവതി പ്രത്യേക പരാതി നല്‍കും; കുട്ടിയുടെ നില ഗുരുതരം


തൊടുപുഴ: ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് മാനസികവും ശാരീരികവുമായ പീഡിപ്പിച്ചെന്ന് കാണിച്ച് കുട്ടിയുടെ അമ്മ പ്രത്യേക പരാതി നല്‍കിയേക്കും. യുവതിയെ കോലഞ്ചേരി ആശുപത്രിയില്‍ സ്‌നേഹിതയുടെ കൗണ്‍സിലിങിന് വിധേയയാക്കിയിരുന്നു. കൗണ്‍സിലിങ് നടത്തിയവര്‍ യുവതിക്ക് അരുണില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് മനസ്സിലാക്കി. ഇവരാണ് പ്രത്യേകപരാതി നല്‍കാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചത്. അരുണ്‍ പലപ്പോഴും ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് യുവതി പറഞ്ഞു.

യുവതിയെ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കി. മുഖത്തും ദേഹാമസകലവും മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് അമ്മ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്ന് ചൂണ്ടിക്കാട്ടിയാവും പരാതി നല്‍കുക. 

കോലഞ്ചേരി മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഏഴുവയസ്സുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.ഒമ്പതാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ട എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് ചികിത്സകള്‍ നല്‍കുന്നത്. 

 പ്രതി അരുണിനെ കൂടുതല്‍  ചോദ്യം ചെയ്യലിന് വിധേയമാക്കി. അന്വേഷണസംഘത്തിന് പുതുതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍  പ്രതിയെ ചോദ്യം ചെയ്ത് വ്യക്തത വരുത്തുകയാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com