പട്ടിണിയ്ക്കിട്ട് കൊല്ലാന്‍ സൗകര്യം ചെയ്തു കൊടുത്തത് ഭര്‍തൃപിതാവ്; തുഷാരയെ ക്രൂരമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2019 06:57 AM  |  

Last Updated: 05th April 2019 06:57 AM  |   A+A-   |  

thushara

 

വെളിയം; തുഷാരയെ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതില്‍ ഭര്‍ത്താവിന്റെ പിതാവ് ലാലിയ്ക്കും പങ്കുണ്ടെന്ന് പൊലീസ്. പട്ടിണിയ്ക്കിട്ട് കൊല്ലുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയത് ലാലിയാണ്. തുഷാരയ്ക്ക് വെള്ളവും ഭക്ഷണവും നിഷേധിച്ചതിലും ആശുപത്രിയില്‍ കൊണ്ടുപോകാത്തതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും ഡിവൈഎസ്പി ദിന്‍രാജ് പറയുന്നു. 

തുഷാരയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ മാത്രമല്ല ലാലിയും തുഷാരയെ മര്‍ദിക്കുകയും മാസങ്ങളോളം ആഹാരം നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തു. വീട്ടില്‍ ആഹാര സാധനങ്ങള്‍ വാങ്ങുന്നത് ലാലിയാണ്. 

തുഷാര കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും മാസങ്ങളോളം അബോധാവസ്ഥയിലായപ്പോഴും ആശുപത്രിയില്‍ എത്തിക്കുന്നതിന് അധികാരികളെയോ സമീപവാസികളെയോ സമീപിക്കാന്‍ ഇയാള്‍ വിസമ്മതിച്ചു. ഭര്‍ത്താവ് ചന്തുലാലിന്റെ സഹോദരിയ്ക്കും തുഷാരയുടെ മരണത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാല്‍, സഹോദരിയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

ചന്തുലാലിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ സൈബര്‍സെല്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പട്ടിണിക്കിട്ട് കൊലപ്പെടുത്താന്‍ സ്ത്രീധനം മാത്രമാണോ മറ്റേതെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുണ്ട്. സമീപവാസികളുമായി അകല്‍ച്ച പാലിക്കാന്‍ കാരണം മന്ത്രവാദം മാത്രമല്ല തുഷാരയുടെ അവസ്ഥ പുറത്തറിയാതിരിക്കാനും കൂടിയാണെന്ന്  പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പൂയപ്പള്ളിയില്‍ ഓട് പാകിയ വീട് അടങ്ങിയ വസ്തുവാണ് ചന്തുലാല്‍ വാങ്ങിയത്. ആദ്യത്തെ വീട് പൊളിച്ചുമാറ്റിയതിനുശേഷം രണ്ടാമത് പണിയിച്ച വീടും പൊളിച്ചുനീക്കിയശേഷം രണ്ടുപേര്‍ക്ക് മാത്രം കിടക്കാന്‍ മാത്രം കഴിയുന്ന ടിന്‍ഷീറ്റ് മേഞ്ഞ കൂരയിലാണ് താമസിച്ചുവന്നത്. മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്ന കിണര്‍ നികത്തിയതിലും നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.