പരിഹസിക്കുന്നവര്‍ മാസികയെടുത്തൊന്ന് മറിച്ച് നോക്കണം: ടൈം മാഗസിന്‍ വിവാദത്തില്‍ കണ്ണന്താനം

വിവാദം വന്നതോടെ എല്ലാവരും അല്‍ഫോണ്‍സ് കണ്ണന്താനം ടൈം മാഗസിന്റെ പട്ടികയില്‍ വന്നിട്ടുണ്ടെന്നറിഞ്ഞുവെന്നും കണ്ണന്താനം പറയുന്നു. 
പരിഹസിക്കുന്നവര്‍ മാസികയെടുത്തൊന്ന് മറിച്ച് നോക്കണം: ടൈം മാഗസിന്‍ വിവാദത്തില്‍ കണ്ണന്താനം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം ടൈം മാഗസിന്‍ കവറില്‍ തന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ അത് വെറും സ്വാഭാവിക രീതിയാണെന്ന തരത്തിലുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര ടൂറിസം മന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം.

'പരിഹസിക്കുന്നവര്‍ ആ മാസികയെടുത്തൊന്ന് മറിച്ചുനോക്കണം. ടൈം മാഗസിന്‍ തിരഞ്ഞെടുത്ത 100 ലോകനേതാക്കളുടെ പട്ടികയില്‍ ഒന്നാമത്തെ പേര് എന്റേതാണ്. അല്‍ഫോണ്‍സ് കണ്ണന്താനം ടൈം മാസികയുടെ യുവനേതാക്കളുടെ പട്ടികയില്‍ വന്ന ഏക മലയാളിയാണ്, നമുക്ക് അഭിമാനിക്കാവുന്ന കക്ഷിയല്ലേ എന്ന് പറയുന്നതിന് പകരം കണ്ണന്താനത്തിന്റെ പടമെടുത്ത് അവിടെവെച്ചു എന്ന പേരിലാണ് ചര്‍ച്ച'- കണ്ണന്താനം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം. 

സോഷ്യല്‍ മീഡിയയിലെ എതിര്‍ പ്രചാരണങ്ങള്‍ കൊണ്ട് ഗുണമാണുണ്ടായത്. ടൈം മാഗസിന്‍ കവര്‍ പ്രിന്റ് ചെയ്തത് കഷ്ടിച്ച് ആയിരം പേര്‍ക്കേ കൊടുത്തിട്ടുള്ളൂ. എന്നാല്‍, വിവാദം വന്നതോടെ എല്ലാവരും അല്‍ഫോണ്‍സ് കണ്ണന്താനം ടൈം മാഗസിന്റെ പട്ടികയില്‍ വന്നിട്ടുണ്ടെന്നറിഞ്ഞുവെന്നും കണ്ണന്താനം പറയുന്നു. 

കഴിഞ്ഞ ദിവസമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചിത്രം ടൈം മാസികയുടെ കവര്‍ പേജില്‍ ചേര്‍ത്ത് ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചത്. 'ദ ഗ്ലോബല്‍ 100' എന്ന പേരില്‍ ലോകത്തെ പ്രമുഖരായ 100 നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ എന്ന നിലയിലാണ് ചിത്രം പ്രചരിപ്പിച്ചത്. കണ്ണന്താനം പ്രചാരണത്തിന് എത്തിയ ഇടങ്ങളിലും ബിജെപിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. കണ്ണന്താനം തന്റെ ഫേസ്ബുക്ക് പേജിലൂടെയും ഇത് പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com