പെട്രോള്‍ ബുള്ളറ്റില്‍ നിന്ന് ഊറ്റി, പിന്‍വാതില്‍ തുറന്നതും കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്തില്‍ കത്തി കുത്തിയിറക്കി; കൊലപാതകം ആസൂത്രിതം

വാതില്‍ ശക്തമായി അടക്കുന്ന ശബ്ദംകേട്ട് അമ്മൂമ്മ പരിശോധിക്കാനെത്തിയപ്പോഴാണ് അപരിചിതന്‍ പുക നിറഞ്ഞ കുളിമുറിയുടെ വാതില്‍ അടക്കുന്നത് കണ്ടത്
പെട്രോള്‍ ബുള്ളറ്റില്‍ നിന്ന് ഊറ്റി, പിന്‍വാതില്‍ തുറന്നതും കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്തില്‍ കത്തി കുത്തിയിറക്കി; കൊലപാതകം ആസൂത്രിതം

തൃശൂര്‍; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ബിടെക് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഘാതകന്‍ നീതുവിന്റെ വീട്ടില്‍ എത്തിയത്. പെട്രോളും കത്തിയും ലൈറ്റരും കൈയില്‍ കരുതിയിരുന്നു. നീതു എഴുന്നേറ്റ് അടുക്കളവാതില്‍ തുറക്കുമ്പോള്‍ തന്നെ വീടിന് അകത്തു കയറി കൊലപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഉണ്ടായിരുന്നത്. എല്ലാം അന്വേഷിച്ചറിഞ്ഞ് ശേഷമാണ് പ്രതി ജിതേഷ് ത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 

ബുള്ളറ്റില്‍ നിന്നാണ് കൊലനടത്താനുള്ള പെട്രോള്‍ ഊറ്റിയത്. ബുള്ളറ്റ് ബൈക്കില്‍ പുലര്‍ച്ചതന്നെ അയാള്‍ നീതുവിന്റെ വീടിനടുത്ത് എത്തിയിരുന്നു. വീടിന് പിന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം ഒരു യുവാവ് അങ്ങോട്ട് കയറിപ്പോകുന്നതും അവിടെയെത്തി ഷൂ അഴിച്ചുവയ്ക്കുന്നത് അതുവഴി പ്രഭാതസവാരിക്ക് പോയ ചിലര്‍ കണ്ടിരുന്നു. ഗ്ലൗസ് അണിഞ്ഞാണ് പ്രതി എത്തിയത്. 

തക്കം പാര്‍ത്തിരുന്ന ഘാതകന്‍ വാതില്‍ തുറന്നതും അകത്ത് കയറി യുവതിയെ ബലം പ്രയോഗിച്ച് കുളിമുറിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് കത്തി കൊണ്ട് കുത്തുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്‌തെന്നാണ് പൊലീസ് അനുമാനിക്കുന്നത്. അപ്രതീക്ഷിത ആക്രമമായതിനാല്‍ നീതുവിന് യാതൊരു രീതിയിലും പ്രതികരിക്കാനില്ലെന്നാണ് വിലയിരുത്തല്‍. കഴുത്തില്‍ കത്തി കുത്തിയിറക്കിയതിനാല്‍ നീതുവിന്റെ നിലവിളി പോലും പുറത്തുവന്നില്ല. 

വാതില്‍ ശക്തമായി അടക്കുന്ന ശബ്ദംകേട്ട് അമ്മൂമ്മ പരിശോധിക്കാനെത്തിയപ്പോഴാണ് അപരിചിതന്‍ പുക നിറഞ്ഞ കുളിമുറിയുടെ വാതില്‍ അടക്കുന്നത് കണ്ടത്. അവരെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ അയാള്‍ ശ്രമിച്ചു. അമ്മൂമ്മയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന മകന്‍ ഓടിയെത്തി. ഇരുവരും ചേര്‍ന്ന് അയാളെ പിടിച്ചു വെക്കുകയും അലറിവിളിക്കുകയും ചെയ്തു. ഇത് കേട്ട് സമീപത്തെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. അപ്പോഴേക്കും 80 ശതമാനത്തിലേറെ കത്തിക്കരിഞ്ഞ നീതു മരിച്ചിരുന്നു. 

നീതുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഒന്‍പതു മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം പാറമക്കാവ് ശാന്തിഘട്ട് ശ്മശാനത്തിലാണ് സംസ്‌കാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com