ശബരിമല യുവതീപ്രവേശനം; തീര്‍ത്ഥാടന കാലത്ത് പൊലീസിനായി മാത്രം ചെലവാക്കിയത് 9.5 കോടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2019 08:57 AM  |  

Last Updated: 05th April 2019 08:57 AM  |   A+A-   |  

sabarimala45

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ശബരിമല സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് ശേഷം വലിയ പ്രതിഷേധങ്ങൾക്കാണ് ശബരിമല സാക്ഷിയായത്. തീർത്ഥാടന കാലത്ത് ശബരിമലയിൽ പൊലീസ് സുരക്ഷയ്ക്ക് മാത്രം സർക്കാർ ചെലവാക്കിയത് ഒൻപതര കോടിയാണ്. സർക്കാർ 11.50 കോടി രൂപയാണ് വകയിരുത്തിയിരുന്നതെന്നും ഇതിൽ 9,49,27,200 രൂപ ചെലവഴിച്ചതായുമാണ് വിവരാവകാശ രേഖ. 

 സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ സെന്റർ ‍ഡയറക്ടർ മലപ്പുറം താഴേക്കോട് മാട്ടറക്കൽ അറഞ്ഞിക്കൽ ബക്കർ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണു തുകയുടെ വിശദാംശങ്ങൾ. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്, തുലാമാസ പൂജയോടനുബന്ധിച്ച് ഒക്ടോബർ 17 മുതൽ 2019 ജനുവരി 22 വരെ സുരക്ഷയും സുഗമമായ തീർഥാടനവും ഉറപ്പുവരുത്താൻ കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തി വിപുല സുരക്ഷ ഏർപ്പെടുത്തിയെന്നു രേഖയിൽ പറയുന്നു.

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ജോലി ചെയ്ത ഉദ്യോഗസ്ഥർക്കുള്ള മെസ് സബ്സിഡി ഇനത്തിൽ 5 കോടി രൂപ അനുവദിച്ചതിൽ 3,18,77,200 രൂപ ചെലവഴിച്ചു. വിവിധ ജില്ലകളിൽ സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കാൻ 5,80,50,000, അപ്രതീക്ഷിത ചെലവുകൾക്ക് 50,00,000 രൂപ എന്നിങ്ങനെ അനുവദിച്ചു. 97 ദിവസത്തിനാണ് ഇത്രയും തുക ചെലവഴിച്ചത്. പ്രതിഷേധവും അക്രമവും ഭയന്ന് മണ്ഡലകാലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.