സിപിഎം ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ കോട്ടയത്ത് 'കാണാം' ; കേരള കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ; ചരിത്ര വിഡ്ഡിത്തത്തിനില്ലെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ്, രാജിവെക്കണമെന്നായിരുന്നു യുഡിഎഫ് ആവശ്യപ്പെട്ടിരുന്നത്
സിപിഎം ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ കോട്ടയത്ത് 'കാണാം' ; കേരള കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ; ചരിത്ര വിഡ്ഡിത്തത്തിനില്ലെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍

കല്‍പ്പറ്റ : വയനാട്ടിലെ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഇടതുബന്ധം ഉപേക്ഷിക്കാത്തത് കേരളകോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ്, ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എല്‍ സാബു രാജിവെക്കണമെന്നായിരുന്നു യുഡിഎഫ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് രാഹുല്‍ പത്രിക നല്‍കുന്നതിന് മുമ്പ് രാജി വെക്കണമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും സാബുവിന് നിര്‍ദേശം നല്‍കി. 

എന്നാല്‍ പാര്‍ട്ടിയുടെ അന്ത്യശാസനം തള്ളിയ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എല്‍ സാബു, ഇടതുപക്ഷവുമായുള്ള സഹകരണം തുടരുമെന്നും വ്യക്തമാക്കി. രാജിവെച്ച് യുഡിഎഫിനോട് സഹകരിച്ച് ചരിത്രപരമായ വിഡ്ഡിത്തത്തിന് തയ്യാറല്ല. രാജിവെച്ചാല്‍ രാഷ്ട്രീയ മണ്ടത്തരമാകും. ബത്തേരിയില്‍ അഞ്ചു വര്‍ഷവും സിപിഎമ്മിനോട് സഹകരിക്കും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി പേടിക്കുന്നില്ലെന്നും സാബു പറഞ്ഞു. 
 
യുഡിഎഫിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ട് കേരള കോണ്‍ഗ്രസ് ജില്ലാ സംസ്ഥാന നേതൃത്വം നടപടിക്ക് മുതിരരുതെന്ന് സാബു അഭിപ്രായപ്പെട്ടു. കൂറുമാറ്റത്തിന് നടപടി എടുക്കുമെന്നാണ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. നോട്ടീസ് താന്‍ കൈപ്പറ്റിയിട്ടില്ല. മുമ്പ് എല്‍ഡിഎഫിന് വോട്ടുചെയ്തതിന്റെ പേരിലുള്ള കേസ് ഹൈക്കോടതിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

യുഡിഎഫ് നല്‍കിയ കേസാണിത്. യുഡിഎഫ് എനിക്കെതിരെ പുതിയ കേസ് നല്‍കിയാല്‍ ഒരു കേസു കൂടി നടത്തേണ്ടി വരും അത്രമാത്രമേയുള്ളൂ. ഈ അവസ്ഥയില്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാബു പറഞ്ഞു. സിപിഎം പിന്തുണയോടെയാണ് കേരള കോൺ​ഗ്രസ് ടിക്കറ്റിൽ വിജയിച്ച ടി എൽ സാബു മുനിസിപ്പൽ ചെയർമാനായത്. എൽഡിഎഫുമായി അ‍ഞ്ചുവർഷത്തെ കരാർ ഉണ്ടെന്നാണ് സാബു വ്യക്തമാക്കുന്നത്. 

രാജിവെക്കില്ലെന്ന നിലപാടിൽ മുനിസിപ്പൽ ചെയർമാൻ സാബു ഉറച്ചുനിന്നതോടെ കേരള കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. സാബുവിനെതിരെ കൂറുമാറ്റ നിയമപ്രകാരം നിയമനടപടി സ്വീകരിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നത്. അതേസമയം ബത്തേരിയിലെ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് ഒഴിഞ്ഞില്ലെങ്കില്‍ കോട്ടയത്ത് കാണാമെന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാ​ഗവും മാണിഗ്രൂപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com