എംകെ രാ‌ഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങൾ; ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th April 2019 07:35 AM  |  

Last Updated: 06th April 2019 07:35 AM  |   A+A-   |  

Capture

 

തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവനെതിരെ ഒരു ചാനൽ സംപ്രേഷണം ചെയ്ത ഒളി ക്യാമറാ ദൃശ്യങ്ങളെക്കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു (സിഇഒ) ഡിജിപി റിപ്പോർട്ട് നൽകി. വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിനു ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി റിപ്പോർട്ടിൽ പറഞ്ഞതായി സൂചനകളുണ്ട്. ഡിജിപി നൽകിയ റിപ്പോർട്ട് സിഇഒയുടെ പരിശോധനയിലാണ്.

വീഡിയോയിലെ ശബ്ദം രാഘവന്റേതാണോയെന്ന് ഉറപ്പാക്കണമെങ്കിൽ സാങ്കേതിക പരിശോധനയ്ക്കു പുറമേ ഫൊറൻസിക് പരിശോധനയും വേണ്ടി വരുമെന്നാണു കോഴിക്കോട് കലക്ടർ സിഇഒയെ അറിയിച്ചത്. എല്ലാ വശവും  പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ തുടർ നടപടി ഉണ്ടാവുകയുള്ളൂവെന്ന് കമ്മീഷൻ വൃത്തങ്ങൾ പറയുന്നു. റിപ്പോർട്ട് എന്നു തയാറാകുമെന്നതു സംബന്ധിച്ചു കലക്ടറും സിഇഒയുമായി ഇന്നലെ ചർച്ച നടത്തി. പരിശോധനകൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് കലക്ടർ വ്യക്തമാക്കി.

അതേസമയം, ചാനൽ വാർത്തയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്കു കഴിഞ്ഞ ദിവസം രാഘവൻ നൽകിയ പരാതിയിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എകെ ജമാലുദ്ദീൻ അന്വേഷണം തുടങ്ങി. 

കോഴിക്കോട്ട് ഹോട്ടൽ നിർമിക്കാൻ പിന്തുണ നൽകുന്നതിനു വാഗ്ദാനം ചെയ്ത അഞ്ച് കോടി രൂപ സ്വീകരിക്കാൻ എംകെ രാഘവൻ തയാറായെന്നും കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനു നേതൃത്വത്തിൽ നിന്നു കിട്ടിയത് രണ്ട് കോടിയാണെങ്കിലും 20 കോടി ചെലവായെന്നും രാഘവൻ പറഞ്ഞതായുമാണ് ഒളിക്യാമറ ദൃശ്യങ്ങളിലൂടെ ചാനൽ ആരോപിച്ചിരിക്കുന്നത്.