ഏഴുവയസ്സുകാരന് അരുണ്‍ ചികിത്സ വൈകിപ്പിച്ചു, ആംബുലന്‍സില്‍ പോലും കയറാന്‍ കൂട്ടാക്കിയില്ല ;  കുട്ടിയുടെ മരണ കാരണമായത് തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2019 07:18 PM  |  

Last Updated: 06th April 2019 07:18 PM  |   A+A-   |  

 

തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസ്സുകാരന് രണ്ടാനച്ഛനായ അരുണ്‍ ചികിത്സ വൈകിപ്പിച്ചതായി ആശുപത്രി അധികൃതര്‍. ആശുപത്രി അധികൃതരുമായി തര്‍ക്കിച്ച് അരമണിക്കൂറോളം നേരം കളഞ്ഞുവെന്നും ഓപറേഷന്‍ നടത്താമെന്ന് പറഞ്ഞിട്ടും സഹകരിച്ചില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. മദ്യലഹരിയിലാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറുന്നതിന് പ്രതി അരുണും കുട്ടിയുടെ അമ്മയും തയ്യാറായില്ല. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അരുണാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ അമ്മയും സഹകരിക്കാതിരുന്നതോടെ ദുരൂഹത തോന്നിയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. മെഡിക്കല്‍ കോളെജിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റിപ്പോഴും ഇരുവരും സഹകരിച്ചില്ലെന്നും അധികൃതര്‍ പറയുന്നു.

 കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് മുന്നിലും പിന്നിലും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നും വീഴ്ചയില്‍ സംഭവിക്കുന്നതിനെക്കാള്‍ ഗുരുതരമായ ക്ഷതങ്ങളാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.