സരിതയുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th April 2019 12:22 PM  |  

Last Updated: 06th April 2019 12:22 PM  |   A+A-   |  

 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച പത്രികകള്‍ തള്ളി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ മൂന്നുവര്‍ഷത്തിലേറെ ശിക്ഷിച്ചിരുന്നു. ഇത് റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് പത്രിക തള്ളിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. 

എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സരിത പത്രിക സമര്‍പ്പിച്ചിരുന്നത്. എറണാകുളത്ത് മത്സരിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് എതിരെയാണെന്ന് സരിത പറഞ്ഞിരുന്നു. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്.തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇട്ട ആളുകള്‍ ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.