ഇഷ്ടദേവന്റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യും: സുരേഷ് ഗോപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2019 10:03 AM  |  

Last Updated: 07th April 2019 10:03 AM  |   A+A-   |  

 

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലന്ന് സുരേഷ് ഗോപി എം.പി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞു. നോട്ടീസിന് ഉടന്‍ പാര്‍ട്ടി മറുപടി നല്‍കും.ഇഷ്ടദേവന്റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദ്ദേശം ലംഘിച്ചെന്നാണ് ജില്ലാ കലക്ടറുടെ നോട്ടിസ്. തൃശൂരിലെ എന്‍ഡിഎ  കണ്‍വന്‍ഷനായിരുന്നു വേദി. പ്രസംഗത്തിനിടെ ശബരിമല പരാമര്‍ശിച്ചതാണ് നോട്ടിസിനിടയാക്കിയത്. പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി അനുപമ വിലയിരുത്തി. ജാതിയുടേയും സാമുദായിക വികാരങ്ങളുടേയും പേരില്‍ വോട്ടു ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കലക്ടറുടെ നോട്ടിസില്‍ പറയുന്നു. പ്രത്യേകിച്ച്, ശബരിമലയുടെ പേരില്‍ വോട്ടു ചോദിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ പൂര്‍ണ രൂപവും നോട്ടിസിലുണ്ട്.

നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം. സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. അഭിഭാഷകരുമായി ആലോചിച്ച ശേഷമായിരിക്കും സുരേഷ് ഗോപി വിശദീകരണം നല്‍കുക. 

കലക്ടറുടെ നടപടി വിവരക്കേടാണെന്ന്  ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.'ഒന്നുകില്‍ വിവരക്കേട് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ദാസ്യപ്പണി അതുമല്ലെങ്കില്‍ പ്രശസ്തി നേടാനുള്ള വെമ്പലാണ് കളക്ടറുടെ നടപടി', ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയാക്കി വോട്ട് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.