ഒളിക്യാമറ വിവാദത്തില്‍ മൊഴി നല്‍കിയില്ല; എംകെ രാഘവന് വീണ്ടും നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2019 05:00 PM  |  

Last Updated: 07th April 2019 05:00 PM  |   A+A-   |  

 

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ എംകെ രാഘവന് വീണ്ടും നോട്ടീസ്. മൊഴി നല്‍കാന്‍ ഹാജരാകാത്തതിനാലാണ് പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയത്. ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതിയില്‍ ഇന്നലെ മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഹിന്ദി ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് എംകെ രാഘവന്‍ പരാതി നല്‍കിയത്. എംകെ രാഘവന്‍ സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടം ലംഘിച്ചെന്നുമാരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് അന്വേഷണം തുടങ്ങി. പുറത്തുവിട്ട ദൃശ്യങ്ങളുടെ യഥാര്‍ഥ വീഡിയോ ഹാജരാക്കാന്‍ ചാനലിനോട് ആവശ്യപ്പെടാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.