കിഫ്ബി മസാല ബോണ്ടിന് അപൂര്‍വനേട്ടം; പിണറായിക്ക് ലണ്ടന്‍ സ്റ്റോക്ക്  എക്‌സ്‌ചേഞ്ചിന്റെ ക്ഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2019 01:44 PM  |  

Last Updated: 07th April 2019 01:44 PM  |   A+A-   |  

pinarayi

 

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം സംസ്ഥാനത്ത് നിലനില്‍ക്കെ ബോണ്ട് പൊതുവിപണിയിലിറക്കുന്നത് ചടങ്ങാക്കി മാറ്റാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചിന്റെ തീരുമാനം.  മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേചേഞ്ച് ക്ഷണിച്ചു. ഇത് ഒരപൂര്‍വനേട്ടമായാണ് കിഫ്ബിയുടെ വിലയിരുത്തല്‍
 

പ്രധാനപ്പെട്ട ഓഹരികളടെയും വില്‍പ്പനയും മാത്രമാണ് സ്റ്റോക്ക് എക്‌സേചേഞ്ചുകള്‍ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് വില്‍പ്പനയുടെ തുടക്കവും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിളിച്ച് ലണ്ടന്‍ സ്റ്റാക്ക് എക്‌സേചേഞ്ച് നടത്തിയിരുന്നു. ഇതാദ്യമായാണ് ഒരു സംസ്ഥാനസര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സേചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വില്‍പ്പനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. ലണ്ടന്‍ സ്റ്റോക്ക്  എക്‌സ്‌ചേഞ്ചില്‍ ഈ മാസം പതിനേഴിനാണ് ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും. ഇത്തരം ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യമുഖ്യമന്ത്രിയാകും പിണറായി വിജയന്‍

കിഫ്ബിയുടെ മസാലബോണ്ടുകള്‍ വിദേശകമ്പനികള്‍ക്ക് വിറ്റഴിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടിപിന്നാലെയുളള അംഗീകാരം പിണറായി സര്‍ക്കാരിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍ 

കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയ സിഡിപിക്യു കനേഡിയന്‍ സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമാണെന്നും അവര്‍ക്കു മേല്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് ഒരു അധികാരവുമില്ലെന്നും കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം അഭിപ്രായപ്പെട്ടിരുന്നു കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഷന്‍ ഫണ്ടാണ് സിഡിപിക്യു. 75 രാജ്യങ്ങളിലായി 15 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഇന്ത്യയടക്കം 8 രാജ്യങ്ങളില്‍ ഓഫിസുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 13 കോടിയുടെ മൂല്യമുള്ള സെക്യൂരിറ്റികള്‍ ഇവര്‍ വാങ്ങിയിട്ടുമുണ്ട്. എസ്എന്‍സി ലാവ്‌ലിനിലുമായി സിഡിപിക്യുവിന് ബിസിനസ് ഇടപാടുകളുണ്ടെന്നത് ശരിയാണ്. സിഡിപിക്യുവിന് മാത്രമല്ല കാനഡയിലെ മറ്റ് പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ലാവ്‌ലിന്‍ കമ്പനിയില്‍ നിക്ഷേപമുണ്ട്. എന്നു കരുതി ലാവ്‌ലിന്‍ കമ്പനിക്ക് ഇവര്‍ക്കുമേലെല്ലാം അധികാരമുണ്ടെന്ന് എങ്ങനെ പറയാന്‍ കഴിയും. കിഫ്ബി ബോണ്ടുകള്‍ സിഡിപിക്യു വാങ്ങിയതിനെ  എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി  ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മസാല ബോണ്ടുകള്‍ വിറ്റ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദൂരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ബോണ്ട് വിവരം മറച്ചത് എന്തിനാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. ഈ മസാല ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 9.8 ശതമാനം കൊള്ളപ്പലിശയാണ്. എന്നിട്ടും അവ വാങ്ങാന്‍ തയ്യാറായത് ലാവ്്‌ലിനുമായി ബന്ധപ്പെട്ടി സിഡിപിക്യു എന്ന ഫണ്ടിംഗ് ഏജന്‍സിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുുള്ള എത്രകമ്പനികള്‍ക്കാണ് ബോണ്ട് കൊടുത്തതെന്നും അവ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്ത പറഞ്ഞു.