സുരേന്ദ്രന് പിന്തുണ; പി സി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; ജില്ലാ നേതാക്കള്‍ പാര്‍ട്ടി വിട്ടു

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു
സുരേന്ദ്രന് പിന്തുണ; പി സി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; ജില്ലാ നേതാക്കള്‍ പാര്‍ട്ടി വിട്ടു

കൊച്ചി: പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ജനപക്ഷം പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് പി ഡി ജോണിന്റെ ( കുഞ്ഞുമോന്‍ പവ്വത്തില്‍) നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തകര്‍ക്ക് മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പാര്‍ട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്‍ അടക്കമുളളവരും സിപിഎമ്മുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ നീക്കം ആരംഭിച്ചതായും സൂചനയുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍ഡിഎയുടെ ഭാഗമാകുമെന്ന സൂചന നല്‍കി പി സി ജോര്‍ജ് ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതു കൊണ്ട്് മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറിയതായുളള ജോര്‍ജിന്റെ വാക്കുകളും ജനപക്ഷം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകളെ ബലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും ഭാഗമാകില്ലെന്ന് ജോര്‍ജ് വ്യക്തമാക്കിയെങ്കിലും പത്തനംതിട്ടയില്‍ ശബരിമലയുടെ പവിത്രത ഉറപ്പാക്കുന്ന ആള്‍ ജയിക്കണമെന്ന നിലപാട് വ്യക്തമാക്കിയതോടെ, മണ്ഡലത്തില്‍ ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ ബിജെപിക്ക് തന്നെയാണ് എന്ന് പറയാതെ പറയുകയായിരുന്നു. 

ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയുമായി അടുക്കുന്നതിനെ തുടക്കം മുതല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനെ മുഖവിലയ്്ക്ക് എടുക്കാതെ  മുന്നോട്ടുപോകുന്ന പി സി ജോര്‍ജിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ജനപക്ഷം പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക്. പി ഡി ജോണിന്റെ നേതൃത്വത്തില്‍ 60 ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നതായി സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ പി ഷാനവാസ് കാഞ്ഞിരപ്പളളി സമകാലിക മലയാളത്തോട് പറഞ്ഞു. ഇനിയും കൂടുതല്‍ പ്രവര്‍ത്തകര്‍ സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com