സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചു; കളക്ടര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം: ടിക്കാറാം മീണ

പെരുമാറ്റച്ചട്ട ലംഘനം കളക്ടര്‍ക്ക് നല്ല രീതിയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. 
സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചു; കളക്ടര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം: ടിക്കാറാം മീണ

തിരുവനന്തപുരം: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് ചട്ടലംഘനമാണെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റച്ചട്ട ലംഘനം കളക്ടര്‍ക്ക് നല്ല രീതിയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. അയ്യനെന്നത് അവരുടെ വ്യാഖ്യാനം മാത്രം. കളക്ടര്‍ക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

ശബരിമല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. ദൈവത്തിന്റെ പേരില്‍ ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. ഇത് മാതൃകപെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. കളക്ടര്‍ റിട്ടേണിംഗ്  ഓഫീസറാണ്. കളക്ടര്‍മാരെ പെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട് ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല. മാതൃകപെരുമാറ്റച്ചട്ടം ഉണ്ടാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. തെരഞ്ഞടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ചതല്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി

കലക്ടര്‍ എടുക്കുന്ന തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കാം. കളക്ടര്‍ക്കെതിരെ സുരേഷ് ഗോപി പറഞ്ഞത് കുറ്റകരം. എന്തിനാണ് 
ദൈവത്തിന്റെ പേരില്‍ തെരഞ്ഞടുപ്പില്‍ വോട്ട് പിടിക്കുന്നതെന്നും ടിക്കാറാം മീണ ചോദിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും തൃശ്ശൂരിലെ എന്‍ഡിഎ. സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു. 

അയ്യന്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കൂ. ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കും. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തില്‍ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തും സുരേഷ് ഗോപി പറഞ്ഞു. 

കഴിഞ്ഞദിവസം തൃശ്ശൂരിലെ എന്‍ഡിഎ. കണ്‍വെന്‍ഷനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്. സംഭവത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടിവി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും സംഭവത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com