ആചാരങ്ങള്‍ സംരക്ഷിക്കും, ഭരണഘടന പരിരക്ഷ ഉറപ്പാക്കും ; ബിജെപി പ്രകടനപത്രികയില്‍ ശബരിമലയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2019 12:52 PM  |  

Last Updated: 08th April 2019 12:52 PM  |   A+A-   |  

 

ന്യൂഡല്‍ഹി : ബിജെപി പ്രകടനപത്രികയില്‍ ശബരിമലയും. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കുമെന്നാണ് സങ്കല്‍പ്പ് പത്രയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ഭരണഘടന പരിരക്ഷ ഉറപ്പാക്കും. ആചാരങ്ങള്‍ സംരക്ഷിക്കും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടന സംരക്ഷണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. 

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി സംസ്ഥാന ഘടകം വോട്ടു തേടുന്നത്. പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം തൃശൂരില്‍ അയ്യപ്പനെക്കുറിച്ച് പരാമര്‍ശം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 45 പേജുള്ള പ്രകടനപത്രികയില്‍ 75 വാഗ്ദാനങ്ങളാണുള്ളത്. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു.  കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ഒരു ലക്ഷം വരെയുള്ള കര്‍ഷക വായ്പയ്ക്ക് അഞ്ചു വര്‍ഷം വരെ പലിശയില്ല, കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, ഏകീകൃത സിവില്‍കോഡും, പൗരത്വ ബില്ലും നടപ്പാക്കും, ജൈവ കൃഷി പോരല്‍സാഹിപ്പിക്കും, 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ 75 പദ്ധതികള്‍ തുടങ്ങിയവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു. 

സൗഹാര്‍ദ അന്തരീക്ഷത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഗ്രാമ വികസനത്തിന് 25 ലക്ഷം കോടിയുടെ പദ്ധതി, പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത നേടും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. മോദിയുടെ ഭരണത്തില്‍ രാജ്യം മികച്ച പുരോഗതി കൈവരിച്ചു. അഞ്ച് വര്‍ഷം കൊണ്ട 50 ലധികം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. മികച്ച ഭരണവും ദേശസുരക്ഷയും പ്രധാന അജണ്ടയെന്നും സങ്കല്‍പ്പ് പത്രയില്‍ വ്യക്തമാക്കുന്നു.