മൂന്നു പെണ്‍കുട്ടികളെ കാണാതായ കേസില്‍ നിര്‍ണായക വഴിത്തിരിവ് ; പിടിയിലായവര്‍ ലഹരി മാഫിയ സംഘത്തിലെ കണ്ണികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2019 02:06 PM  |  

Last Updated: 08th April 2019 02:06 PM  |   A+A-   |  

arest


കൊച്ചി : കൊച്ചിയില്‍ മൂന്നു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പെണ്‍കുട്ടികളെ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയിലായി. വിഷ്ണു, ഷിജിന്‍, നജ്മല്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായ മൂന്ന് യുവാക്കള്‍ ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് അറിയിച്ചു. 

ലഹരി വസ്തുക്കള്‍ നല്‍കി പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികള്‍ക്കെതിരെ പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, അബ്കാരി, എന്‍ഡിപിഎസ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പിടിയിലായവരില്‍ രണ്ടുപേര്‍ കൊലക്കേസില്‍ പ്രതികളാണ്. കൃത്യമായ ആസൂത്രണത്തെ തുടര്‍ന്നാണ് ഇവര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് അറിയിച്ചു. 

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ പ്രായം 14 വയസ്സ്, 15 വയസ്സ്, 18 വയസ്സ് എന്നിങ്ങനെയാണ്. പ്രതികളില്‍ ഒരാളുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടുവരുന്നതിന് പ്രതികള്‍ക്ക് വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസമാണ് മൂന്ന് പെണ്‍കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയത്. ഇവര്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നും അഭ്യൂഹം ഉയര്‍ന്നു. അതിനിടെ ഞാറയ്ക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ മൂന്നംഗ സംഘം അര്‍ധരാത്രി വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തിയത്. ഞാറയ്ക്കല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടികളെ കോടതി നിര്‍ദേശപ്രകാരം വീട്ടുകാര്‍ക്കൊപ്പം വിട്ടിരുന്നു.