ലഹരി കടത്തിന് അരുണ്‍ യുവതിയെ മറയാക്കിയിരുന്നോ എന്ന് അന്വേഷിക്കുന്നു ; ഇരുവരും ബാര്‍ ഹോട്ടലിലെ നിത്യസന്ദര്‍ശകര്‍, അരുണിന്റെയും യുവതിയുടെയും രാത്രിയാത്രകള്‍ക്ക് പിന്നാലെ പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2019 11:01 AM  |  

Last Updated: 08th April 2019 11:01 AM  |   A+A-   |  

 

കൊച്ചി : തൊടുപുഴ കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്റെയും യുവതിയുടെയും രാത്രിയാത്രകളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള പ്രതി, ലഹരി വസ്തുക്കള്‍ കൈമാറുന്നതിന് യുവതിയെ മറയാക്കിയിരുന്നോ എന്നതിനെക്കുറിച്ചും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു. 

ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടശേഷം രാത്രി 11 മണിയോടെയാണ് യുവതിയും അരുണും യാത്രക്കിറങ്ങുക. കാറിലാണ് ഇരുവരുടെയും യാത്രകള്‍. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇരുവരും തിരിച്ചെത്തുക. ഈ സമയം അരുണ്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരിക്കും. യുവതിയാണ് കാര്‍ ഓടിക്കുക. രാത്രികാല പട്രോളിങ്ങിനിടെ  തൊടുപുഴ പൊലീസ് പലതവണ നഗരത്തില്‍ ഇവരെ കണ്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

അരുണിന്റെ കാറിനുള്ളില്‍ നിന്നും പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയില്‍ നിന്നു രണ്ട് വലിയ പ്രഷര്‍ കുക്കറും ബക്കറ്റും പാറക്കല്ലുകളും പൊലീസ് കണ്ടെടുത്തിരുന്നു. കാറിനുള്ളില്‍ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളില്‍ കണ്ടെത്തിയ രക്തക്കറ ഫൊറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ് കാര്‍ ഇപ്പോഴുള്ളത്.

തൊടുപുഴയില്‍ അരുണ്‍ ആനന്ദുമായി അടുപ്പം പുലര്‍ത്തിയിരുന്നവരും നിരീക്ഷണത്തിലാണ്. തൊടുപുഴ മേഖലയിലെ ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമയുമായി അരുണ്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇയാളുമൊത്ത് അരുണ്‍ പതിവായി മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി അരുണിന് പണ ഇടപാടുകളുണ്ടായിരുന്നതായും തെളിവു ലഭിച്ചു. അരുണും യുവതിയും നഗരത്തിലെ ഒരു ബാര്‍ ഹോട്ടലില്‍ രാത്രികാലങ്ങളില്‍ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ വച്ച് പലതവണ വഴക്കിട്ടിരുന്നു. ഒരിക്കല്‍, അരുണ്‍ യുവതിയുടെ കരണത്തടിച്ചതായും പൊലീസിനു വിവരവും ലഭിച്ചു.