ശബരിമല സ്ഥലപ്പേര്; തെരഞ്ഞടുപ്പ്ചട്ടം ലംഘിച്ചിട്ടില്ല; കളക്ടര്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th April 2019 05:14 PM  |  

Last Updated: 08th April 2019 05:23 PM  |   A+A-   |  

sureshgopisree_1902

 

തൃശൂര്‍: കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജില്ലാകളക്ടര്‍ ടിവി അനുപമയ്ക്ക് മറുപടി നല്‍കി. ദൈവത്തിന്റെ പേരോ, മതചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ദേശത്തിന്റെ പേരാണ്. ശബരിമല ക്ഷേത്രം, അയ്യപ്പന്‍ എന്നീ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടിയില്‍ വ്യക്തമാക്കി.

മറുപടി നല്‍കാന്‍ ഇന്ന് രാത്രി എട്ടുമണിവരെയാണ് വരാണിധികാരി സമയം നല്‍കിയത്. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ഒന്നുപോലും ലംഘിച്ചിട്ടില്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല. ഒരുമതത്തിന്റെയോ, ജാതിയുടെയോ ചിഹ്നം ഉപയോഗിച്ചിട്ടില്ലെന്നും പ്രസംഗത്തിന്റെ സിഡി നല്‍കാമെന്നും സുരേഷ് ഗോപി പറഞ്ഞു.വിശദമായി മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്നും മറുപടിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് തൃശൂര്‍ കലക്ടര്‍ ടി വി അനുപമ നോട്ടീസ് അയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു ജില്ലാ കലക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സമയത്തിനുള്ളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.