ഒളികാമറ വിവാദം : എം കെ രാഘവനിൽ നിന്നും മൊഴിയെടുത്തു ; സമീപിച്ചത് മാധ്യമപ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെന്ന് മൊഴി ; ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന് രാഘവൻ

ഹിന്ദി ചാനലായ ടിവി 9 ആണ് എംകെ രാഘവനെതിരായി ഒളി കാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്
ഒളികാമറ വിവാദം : എം കെ രാഘവനിൽ നിന്നും മൊഴിയെടുത്തു ; സമീപിച്ചത് മാധ്യമപ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെന്ന് മൊഴി ; ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന് രാഘവൻ

കോഴിക്കോട്: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവനിൽ നിന്നും  അന്വേഷണ സംഘം മൊഴിയെടുത്തു. ഇന്ന് രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഡിസിപി പി. വാഹിദിന്‍റെ നേതൃത്വത്തിലുള്ള  സംഘമാണ് മൊഴിയെടുത്തത്.

ഹിന്ദി ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പരാതികളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. എം കെ രാഘവന്‍ നല്‍കിയ പരാതിയും എല്‍ഡിഎഫ്  നല്‍കിയ പരാതിയുമാണ് അന്വേഷിക്കുന്നത്. 

ഒളികാമറ ദൃശ്യങ്ങൽ പുറത്തുവിട്ട ചാനലും അന്വേഷണത്തിൻരെ പരിധിയിലാണെന്ന് പൊലീസ് വ്യക്തമാക്കി. യഥാർത്ഥ ദൃശ്യങ്ങൾ കസ്റ്റഡിയിലെടുക്കും.  ചാനല്‍ മേധാവിയില്‍നിന്നും റിപ്പോര്‍ട്ടറില്‍നിന്നും മൊഴിയെടുക്കും. പരാതികളിൽ അന്വേഷണം തുടരുമെന്ന് ഡിസിപി വാഹിദ് അറിയിച്ചു. 

മാധ്യമപ്രവർത്തകരെന്ന് പരിചയപ്പെടുത്തിയാണ് സംഘം തന്നെ സമീപിച്ചത്. തുടർന്ന് തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചും ചോദിച്ചു. പുറത്തുവിട്ട ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും രാഘവൻ അന്വേഷണസംഘത്തിന് മൊഴി നൽകി. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതായി മൊഴി കൊടുത്ത ശേഷം എം.കെ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും നീതിന്യായ കോടതിയും ജനകീയ കോടതിയും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി ചാനലായ ടിവി 9 ആണ് എംകെ രാഘവനെതിരായി ഒളി കാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സിങ്കപ്പൂര്‍ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളികാമറ ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ എം.കെ രാഘവന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നാണ് രാഘവന്‍ ആരോപിക്കുന്നത്. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com