പാപ്പാന്‍മാരോട് പിണങ്ങി ആന നടന്നത് കിലോമീറ്ററുകള്‍, പിന്നെ പെരിയാറില്‍ നീന്തിക്കുളിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2019 08:03 AM  |  

Last Updated: 08th April 2019 08:03 AM  |   A+A-   |  

elephant-6

ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് കൊണ്ടുവന്നതായിരുന്നു ആനയെ. പക്ഷേ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് പിന്നാലെ ആന പിണങ്ങി. അനുസരണക്കേടു കാട്ടി കിലോമീറ്ററുകളോളം നടന്നു പോയി ആന മണിക്കൂറുകളോളം പെരിയാറില്‍ നീന്തിക്കുളിക്കുകയും ചെയ്തു. 

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. വിളക്കെഴുന്നള്ളിപ്പിന് ശേഷം തളയ്ക്കാന്‍ കൊണ്ടുപോകവെ ആന ഇടയുകയായിരുന്നു. അമ്പല പരിസരം വിട്ട് നടത്തം ആരംഭിച്ച ആനയ്ക്ക് പിന്നാലെ പാപ്പാന്‍മാരും നടന്നുവെങ്കിലും അവര്‍ക്കും ഒന്നും ചെയ്യുവാനായില്ല. 

പത്തരയോടെ ആന നടന്ന് പാതാളത്തെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിക്ക് താഴെ പെരിയാറിലെത്തി. പിന്നെ നീന്തിക്കുളിയും ആരംഭിച്ചു. ഏലൂര്‍ പൊലീസും സ്ഥലത്ത് എത്തി. ഇനിയും ആന അനുസരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ മയക്കുവെടിവയ്ക്കുമെന്ന് പൊലീസ് പറഞ്ഞുവെങ്കിലും തങ്ങള്‍ എത്ര വൈകിയായാലും ആനയെ തങ്ങള്‍ തളച്ചോളാമെന്ന് പറഞ്ഞ് പാപ്പാന്‍മാര്‍ നിലയുറപ്പിച്ചു. ഒടുവില്‍ പുഴയില്‍ നിന്ന് കയറിയ ആനയെ രാത്രി വൈകി പാപ്പാന്‍മാര്‍ തന്നെ തളച്ചു.