മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും ; തമിഴ്‌നാട് സിപിഎം പ്രകടനപത്രികയില്‍ വാഗ്ദാനം

ജലനിരപ്പ് താഴ്ത്തണമെന്ന് കേരള സര്‍ക്കാര്‍ നിരന്തരം നിലപാടെടുക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍ സിപിഎം വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും ; തമിഴ്‌നാട് സിപിഎം പ്രകടനപത്രികയില്‍ വാഗ്ദാനം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്ടില്‍ സിപിഎം പ്രകടനപത്രികയില്‍ വാഗ്ദാനം. തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ മധുരയിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ താങ്ങുവില നല്‍കി ഏറ്റെടുക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തും, നീറ്റ് പരീക്ഷ റദ്ദാക്കും, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും, സ്‌കൂളുകളില്‍ തമിഴ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. 

ജലനിരപ്പ് താഴ്ത്തണമെന്ന് കേരള സര്‍ക്കാര്‍ നിരന്തരം നിലപാടെടുക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍ സിപിഎം വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇക്കുറി ഡിഎംകെ അടങ്ങുന്ന മുന്നണിയുടെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ സിപിഎം പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോയമ്പത്തൂര്‍, മധുര എന്നാ ലോക്‌സഭ സീറ്റുകളിലാണ് സിപിഎം ജനവിധി തേടുന്നത്. 

തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സുപ്രിം കോടതി നിര്‍ദേശപ്രകാരം 152 അടിയായി ഉയര്‍ത്തുമെന്ന് എം കെ സ്റ്റാലിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്ന് പറഞ്ഞ സ്റ്റാലിന്റെ നിലപാടാണ് ഇപ്പോള്‍ തമിഴ്‌നാട് സിപിഎമ്മും സ്വീകരിച്ചിരിക്കുന്നത്.

തേനി അടക്കം അഞ്ച് ജില്ലകളിലെ വൈകാരിക വിഷയമാണ് മുല്ലപ്പെരിയാര്‍. ഇത് കണക്കിലെടുത്ത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രകടനപത്രികയില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി ഉയര്‍ന്നപ്പോള്‍ സുപ്രിം കോടതി ഇടപെടലിലൂടെയാണ് 139 അടിയിലേക്ക് താഴ്ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com