ശരണംവിളിയും ചീത്തവിളിയും നിറഞ്ഞ് കളക്ടര്‍ അനുപമയുടെ ഫേയ്‌സ്ബുക്ക് പേജ്; ഇത് ശബരിമല അല്ലെന്ന് മറുപക്ഷം

കളക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പ്രചരണം ശക്തമാവുകയാണ്
ശരണംവിളിയും ചീത്തവിളിയും നിറഞ്ഞ് കളക്ടര്‍ അനുപമയുടെ ഫേയ്‌സ്ബുക്ക് പേജ്; ഇത് ശബരിമല അല്ലെന്ന് മറുപക്ഷം

ബരിമല വിഷയം ഉന്നയിച്ച് വോട്ടു ചോദിച്ചതിന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരേയുള്ള കളക്ടറുടെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ കളക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പ്രചരണം ശക്തമാവുകയാണ്. കളക്ടറുടെ മതത്തെ വരെ എടുത്തുപറഞ്ഞുകൊണ്ടാണ് പ്രചരണം. തൃശൂര്‍ ജില്ല കളക്ടറുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലും പ്രതിഷേധം നിറയുകയാണ്. കളക്ടറുടെ പോസ്റ്റുകള്‍ക്ക് താഴെ വന്ന് ശരണം വിളിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. 

സര്‍ക്കാര്‍ ചെയ്ത അതിക്രമങ്ങളെക്കുറിച്ച് ജനങ്ങളോട് പറയാന്‍ ശബരിമലയുടേയും അയ്യപ്പന്റെയും നാമം അല്ലാതെ കാറല്‍ മാര്‍ക്‌സിന്റെ പേര് ഉപയോഗിക്കാന്‍ പറ്റുമോ എന്നാണ് ചിലരുടെ ചോദ്യം. നിഷ്പക്ഷം എന്ന് പറയുമ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിനെ ഭയന്ന് ജോലി ചെയ്യുന്നതല്ലെന്ന ഉപദേശവും ചിലര്‍ കളക്ടര്‍ക്ക് നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ നടത്തിയ വനിത മതിലില്‍ പങ്കെടുത്ത കളക്ടറിന്റെ ചിത്രങ്ങള്‍ പതിച്ച് അനുപമയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്നുമുണ്ട് ചിലര്‍. എന്നാല്‍ ഇതിനൊപ്പം തന്നെ അനുപമയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഉദ്യോഗസ്ഥരായാല്‍ ഇത്തരത്തില്‍ ശക്തമായ നിലപാട് എടുക്കണമെന്നാണ് അവര്‍ പറയുന്നത്. ഐ സപ്പോര്‍ട്ട് കളക്ടര്‍ അനുപമ എന്ന ഹാഷ്ടാഗും വൈറലാവുകയാണ്. 

അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ടു തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. അയ്യപ്പന്റെ പേര് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമുണ്ട്. ഇത് ലംഘിച്ചതിനാലാണ് അനുപമ നോട്ടീസ് അയച്ചത്. അതിനിടെ ബിജെപി നേതാക്കള്‍ അനുപമയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസര്‍ ടീക്കാറാം മീണയും സുരേഷ് ഗോപിയെ വിമര്‍ശിച്ചു. പ്രചരണം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് മീണ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com