ഗുജറാത്തില്‍ സൈനികന്റെ ആത്മഹത്യ: തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2019 06:10 AM  |  

Last Updated: 09th April 2019 06:10 AM  |   A+A-   |  

 

തിരുവനന്തപുരം: ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ക്ലര്‍ക്ക് അമിതാഭിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു വിശാഖ് ആത്മഹത്യ ചെയ്തത്. വിശാഖിന്റെ സഹോദരന്‍  ഡിജിപിക്ക് പരാതി നല്‍കിതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അമിതാഭിന് മരണവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. 

മരിക്കുന്നതിന് മുമ്പ് വിശാഖ് സഹോദരന് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. വിശാഖിന്റെ ഭാര്യയുടെ ശബ്ദരേഖയാണ് അയച്ചത്. അമിതാഭ് തന്നെ പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തുന്ന സന്ദേശമായിരുന്നു അത്.  വിശാഖിന്റെ ഭാര്യയെ കുറിച്ച് മോശമായ കാര്യങ്ങള്‍ അമിതാഭ് ഫോണിലൂടെ വിശാഖിനെ വിളിച്ചറിയിച്ചതായി പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിശാഖ് സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. 

ഓഫീസിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയിലും അമിതാഭിന് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മരണങ്ങളില്‍ പ്രതിയാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.