മുഴുവന്‍ എല്‍ഡിഎഫുകാരെയും തോല്‍പ്പിക്കാന്‍ ബിജെപി-യുഡിഎഫ് പരസ്യ ധാരണ വേണം: സ്വാമി ചിദാനന്ദപുരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2019 11:10 AM  |  

Last Updated: 09th April 2019 11:10 AM  |   A+A-   |  

Swami_Chidanandapuri

ഫയല്‍ ചിത്രം

 

കോഴിക്കോട്: എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി യുഡിഎഫുമായി പരസ്യമായ ധാരണയുണ്ടാക്കണമെന്ന് ശബരിമല കര്‍മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. തിരുവനന്തപുരവും പത്തനംതിട്ടയും പോലെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് ബിജെപിക്ക് വോട്ടു ചെയ്യുകയും മറ്റു മണ്ഡലങ്ങളില്‍ ബിജെപി തിരിച്ചു യുഡിഎഫിനെ സഹായിക്കും ചെയ്യുന്ന വിധമായിരിക്കണം ധാരണയെന്ന് ടൈംസ് ഒഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

ബിജെപിയുടെ ശ്രദ്ധ സ്വാധീനമുള്ള രണ്ടോ മുന്നോ മണ്ഡലങ്ങളിലേക്കു ചുരുക്കണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട എന്നിങ്ങനെയുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കേണ്ടത്. അതിനായി കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയുമെല്ലാം വോട്ട് ഉറപ്പു വരുത്തണം. മറ്റു സീറ്റുകളില്‍ ബിജെപി യുഡിഎഫിനു വോട്ടു ചെയ്യണം-അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായ കാര്യം. പിണറായി വിജയനുകീഴില്‍ ഹിന്ദു വിശ്വാസങ്ങളും വികാരങ്ങളും ഞെരിച്ചമര്‍ത്തപ്പെടുകയാണെന്ന് ചിദാനന്ദപുരി കുറ്റപ്പെടുത്തി. ശബരിമലയില്‍ മാത്രമല്ല, അഗസ്ത്യാര്‍കൂടത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു വോട്ടുചെയ്യുമെന്ന് സിപിഎം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതേ തന്ത്രം ബിജെപിയും സ്വീകരിക്കണമെന്ന് ചിദാനന്ദപുരി നിര്‍ദേശിച്ചു.