2000 പേജ്, 83 സാക്ഷികള്‍,10 രഹസ്യ മൊഴികള്‍; ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2019 04:57 AM  |  

Last Updated: 09th April 2019 04:57 AM  |   A+A-   |  

 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണ സംഘം ഇന്ന് പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം നല്‍കും. പീഡനം, 2000 പേജുള്ളതാണ് കുറ്റപത്രം. തടഞ്ഞു വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, എന്നിവയുള്‍പ്പെടെ ഏഴു വകുപ്പുകള്‍ ബിഷപ്പിനെതിരെ കുറ്റപത്രത്തിലുണ്ട്. അഞ്ചു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, 7 മജിസ്‌ട്രേട്ടുമാര്‍ എന്നിവര്‍ ഉള്‍പ്പടെ 83 സാക്ഷികളാണുള്ളത്. 10 പേരുടെ രഹസ്യമൊഴികളുണ്ട്. ജലന്തര്‍ രൂപതയിലെ ലാപ് ടോപ്, സഭാ റജിസ്റ്റര്‍, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ള നിര്‍ണായക രേഖകള്‍ കോടതിയില്‍ ഹാജരാക്കും.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പീഡനം സംബന്ധിച്ച പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച പരാതിയില്‍ വൈക്കം ഡിവൈഎസ്പി കെ. സുഭാഷാണ് അന്വേഷണം നടത്തിയത്.  ഒക്ടോബര്‍ 24നു ബിഷപ്പിനെ അറസ്റ്റു ചെയ്തു. 24 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.

അച്ചടക്ക നടപടി എടുത്തതിലെ വിരോധം മൂലമാണ് കന്യാസ്ത്രീ  പരാതി നല്‍കിയതെന്നാണു ബിഷപ്പിന്റെ നിലപാട്. ആരോപണം വ്യാജമാണെന്നും ബിഷപ് വാദിക്കുന്നു. ജലന്തര്‍ രൂപതയുടെ കീഴിലുള്ള നാടുകുന്ന് മഠത്തില്‍ ബിഷപ് താമസിച്ചതിന്റെ തെളിവുകള്‍,  സഭാവസ്ത്രം ഉപേക്ഷിച്ച 18 കന്യാസ്ത്രീകളുടെ മൊഴികള്‍, അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടറുടെ മൊഴി തുടങ്ങിയവയും കുറ്റപത്രത്തിലുണ്ട്.