അവധിയെടുത്താണെങ്കിലും പ്രചാരണത്തിന് ഇറങ്ങണം, രാഷ്ട്രീയം സ്വന്തം വീടുകളിലും പറയണം: പാര്‍ട്ടി അംഗങ്ങളോട് സിപിഎം

അവധിയെടുത്താണെങ്കിലും പ്രചാരണത്തിന് ഇറങ്ങണം, രാഷ്ട്രീയം സ്വന്തം വീടുകളിലും പറയണം: പാര്‍ട്ടി അംഗങ്ങളോട് സിപിഎം

പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പുളള പത്തുദിവസങ്ങളില്‍ ജോലിയില്‍ നിന്ന് അവധിയെടുത്തും പ്രചാരണത്തിനിറങ്ങണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്

കൊച്ചി : പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പുളള പത്തുദിവസങ്ങളില്‍ ജോലിയില്‍ നിന്ന് അവധിയെടുത്തും പ്രചാരണത്തിനിറങ്ങണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്. വീടുകളില്‍ നേരിട്ടുചെന്ന് വിശദീകരിക്കേണ്ട പാര്‍ട്ടിലൈന്‍ സംബന്ധിച്ച 12 പേജ് കുറിപ്പിലാണ് ഈ ആഹ്വാനമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തിന്റെ മതേതര സംവിധാനം നിലനിര്‍ത്താനുള്ള സുപ്രധാന ദൗത്യത്തില്‍ പങ്കാളികളാകാന്‍ പത്തുദിവസം അവധിയെടുത്തു പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന മാര്‍ഗരേഖ പ്രാദേശിക ജനറല്‍ ബോഡി യോഗങ്ങളില്‍ വിശദീകരിച്ചുതുടങ്ങി. ഓരോ ഏരിയയിലും ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടിങില്‍ മുഖ്യശത്രു ബിജെപി തന്നെ. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി പുലര്‍ത്തുന്ന ന്യൂനപക്ഷദളിത് ദ്രോഹം കേരളത്തില്‍ അനുവദിക്കരുത്. പിണറായി സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തി സ്‌ക്വാഡുകള്‍ രംഗത്തിറങ്ങണം. ഇനിയുള്ള രണ്ടാഴ്ച രാഷ്ട്രീയ ചര്‍ച്ച വീടുകളിലേക്കും കൊണ്ടുവരണം. 

രാഷ്ട്രീയം വീടിനു പുറത്തു മാത്രമല്ല സ്വന്തം വീടുകളിലും പറയണമെന്നും റിപ്പോര്‍ട്ടിങില്‍ പാര്‍ട്ടി ആവശ്യപ്പെടുന്നു. വീടിനു പുറത്തുവരെ മാത്രം പ്രവേശനമുള്ള ചെരുപ്പിനോടാണ് പാര്‍ട്ടി അതിനെ ഉപമിക്കുന്നത്. ചെരുപ്പ് പുറത്തിടുന്നതുപോലെ, വീടിനകത്തേക്ക് സ്വന്തം രാഷ്ട്രീയം കയറ്റാത്തവരുണ്ട്. അതു പാടില്ല. കുടുംബാംഗങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ ചിന്തയുള്ളവരുണ്ടെങ്കില്‍ അവരെയും സ്വാധീനിക്കാന്‍ കഴിയണം. 

വിഷു, ഈസ്റ്റര്‍ നാളുകളില്‍ കുടുംബ സന്ദര്‍ശനങ്ങള്‍ സജീവമാക്കണമെന്നും സിപിഎം അംഗങ്ങളോട് ആവശ്യപ്പെടുന്നു. മഹിള, യുവജന, വിദ്യാര്‍ഥി സ്‌ക്വാഡുകള്‍ വീടുകളിലെത്തി നവ വോട്ടര്‍മാര്‍ മുതല്‍ നാല്‍പതു വയസുള്ളവരെ വരെ ബോധവല്‍ക്കരിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com