ജയിലിലെത്തിയാല്‍ സഹതടവുകാര്‍ ഇടിച്ച് പഞ്ഞിക്കിടും, ഭയം; മറ്റെതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അരുണ്‍

കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിന് സഹതടവുകാര്‍ മര്‍ദിച്ചേക്കുമെന്ന് ഭയം.
ജയിലിലെത്തിയാല്‍ സഹതടവുകാര്‍ ഇടിച്ച് പഞ്ഞിക്കിടും, ഭയം; മറ്റെതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അരുണ്‍

തൊടുപുഴ:  കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിന് സഹതടവുകാര്‍ മര്‍ദിച്ചേക്കുമെന്ന് ഭയം. ഇതേ തുടര്‍ന്ന് മറ്റെതെങ്കിലും ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി അരുണ്‍ ആനന്ദ് ജയില്‍ അധികൃതരോട് അപേക്ഷിച്ചു. നിലവില്‍ റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ ജയിലിലാണ്. നാലു വയസ്സുകാരനായ ഇളയകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും.

അതേസമയം, കുട്ടിയുടെ മാതാവായ യുവതിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മര്‍ദിച്ചിരുന്ന അരുണ്‍ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗണ്‍സലിംഗിനിടെ പറഞ്ഞിരുന്നു. ഇതിനിടെ അരുണിന്റെയും യുവതിയുടെയും രാത്രിയാത്രകളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.  ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള പ്രതി, ലഹരി വസ്തുക്കള്‍ കൈമാറുന്നതിന് യുവതിയെ മറയാക്കിയിരുന്നോ എന്നതിനെക്കുറിച്ചും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു. 

ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടശേഷം രാത്രി 11 മണിയോടെയാണ് യുവതിയും അരുണും യാത്രക്കിറങ്ങുക. കാറിലാണ് ഇരുവരുടെയും യാത്രകള്‍. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇരുവരും തിരിച്ചെത്തുക. ഈ സമയം അരുണ്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരിക്കും. യുവതിയാണ് കാര്‍ ഓടിക്കുക. രാത്രികാല പട്രോളിങ്ങിനിടെ  തൊടുപുഴ പൊലീസ് പലതവണ നഗരത്തില്‍ ഇവരെ കണ്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

അരുണിന്റെ കാറിനുള്ളില്‍ നിന്നും പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയില്‍ നിന്നു രണ്ട് വലിയ പ്രഷര്‍ കുക്കറും ബക്കറ്റും പാറക്കല്ലുകളും പൊലീസ് കണ്ടെടുത്തിരുന്നു. കാറിനുള്ളില്‍ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളില്‍ കണ്ടെത്തിയ രക്തക്കറ ഫൊറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ് കാര്‍ ഇപ്പോഴുള്ളത്.തൊടുപുഴയില്‍ അരുണ്‍ ആനന്ദുമായി അടുപ്പം പുലര്‍ത്തിയിരുന്നവരും നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com