രാഹുൽ ​ഗാന്ധി 16നും 17നും കേരളത്തിൽ; ആവേശക്കടലാക്കാൻ ഒരുങ്ങി കോൺ​ഗ്രസ് പ്രവർത്തകർ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th April 2019 10:01 PM  |  

Last Updated: 10th April 2019 10:01 PM  |   A+A-   |  

31THRAHUL-1

 

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി 16, 17 ദിവസങ്ങളില്‍ കേരളത്തിലെത്തും. 16ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും. 17ന് സ്ഥാനാർഥിയായി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലുണ്ടാകും. 16ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ശശി തരൂരിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

പൊതുപരിപാടികള്‍ നടത്താനാണ് എസ്പിജി അനുമതി നല്‍കിയിരിക്കുന്നത്. 16ന് വൈകീട്ട് വയനാട്ടിലേക്ക് വരുന്ന രാഹുല്‍ കല്‍പറ്റയിലായിരിക്കും താമസമെന്നാണ് സൂചന. എന്നാല്‍ മാവോയിസ്റ്റ് ഭീഷണികള്‍ കണക്കിലെടുത്ത് ഇതുവരെ എസ്പിജി അനുമതി നല്‍കിയിട്ടില്ല. എസ്പിജിയുടെ എതിര്‍പ്പ് കണക്കിലെടുത്ത് മാനന്തവാടിയിലെ റോഡ് ഷോ പൊതുപരിപാടിയാക്കി മാറ്റി. 

വണ്ടൂരിലും നിലമ്പൂരിലും റോഡ് ഷോ നടത്തും. രാഹുല്‍ മടങ്ങിയതിനു ശേഷം മറ്റൊരു ദിവസം പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടില്‍ എത്തുമെന്നും കെപിസിസി പ്രസിഡന്റ് നേതൃത്വം നല്‍കുന്ന പ്രചാരണ കമ്മിറ്റിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും വയനാട്ടിലെത്തിക്കാനുള്ള കെപിസിസി ശ്രമം വിജയിച്ചേക്കില്ല. ആരോഗ്യപ്രശ്നങ്ങളാല്‍ ഇരുവരും കേരളത്തിലെ നേതാക്കളുടെ  ആവശ്യം നിരസിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.