വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ചു പീഡനം; വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; കാമുകന്‍ അറസ്റ്റില്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th April 2019 11:47 PM  |  

Last Updated: 10th April 2019 11:47 PM  |   A+A-   |  

 

കോഴിക്കോട് : താമരശേരിയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച്  പ്രണയം നടിച്ചു കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  അടിവാരം സ്വദേശി അറസ്റ്റിലായത്.  ലൈംഗിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ  സഫ്‌നാസിനെ റിമാന്‍ഡ് ചെയ്തു.

 എല്‍എല്‍ബി വിദ്യാര്‍ഥിനിയെ കഴിഞ്ഞ ഇരുപത്തിരണ്ടിനാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌നാസ് വിവാഹ വാഗ്ദാനം നല്‍കി  പീഡിപ്പിച്ചെന്ന് പരാതി നല്‍കി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു മരണം. ഈ കേസിലാണ് പെണ്‍കുട്ടിയുടെ കാമുകന്‍ സഫ്‌നാസ് അറസ്റ്റിലായത്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. 

സഫ്‌നാസിന്റെ അടിവാരത്തെ ഫ്‌ലാറ്റിലെത്തിയപ്പോഴാണ് വിവാഹിതനാണെന്ന കാര്യം അറിഞ്ഞതെന്നും അവിടെ വച്ച് മര്‍ദനമേല്‍ക്കുകയും ചെയ്തതായി പരാതിയിലുണ്ടായിരുന്നു.പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ.ഇതിനെ തുടര്‍ന്ന് സഫ്‌നാസ് ഒളിവിലായിരുന്നു. താമരശേരി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.